
ധനുവച്ചപുരത്തെ മരണപ്പെട്ട റിട്ട. നഴ്സിംഗ് അസിസ്റ്റന്റ് സെലീനാമ്മയുടെ പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയായി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീണ്ടും സംസ്കരിച്ചു. പൊളിച്ച കല്ലറയിൽ തന്നെയാണ് മൃതദേഹം സംസ്കരിച്ചത്. അതേസമയം ഇൻക്വസ്റ്റിൽ പ്രത്യക്ഷത്തിൽ ഒന്നും കണ്ടെത്താൻ ആയില്ലെന്ന് നെയ്യാറ്റിൻകര ഡിവൈഎസ്പി എസ് ഷാജി മാധ്യമങ്ങളോട് പറഞ്ഞു. സെലീനാമ്മയുടെ കഴുത്തിലെ മാല മുക്കുപണ്ടം ആയതിലാണ് സംശയം തോന്നിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ എന്തെങ്കിലും പറയാൻ സാധിക്കൂ. മകന്റെ പരാതിയിലാണ് അന്വേഷണം നടത്തുന്നതെന്നും ഡിവൈഎസ്പി എസ് ഷാജി പറഞ്ഞു.
ദുരൂഹതയെ തുടർന്ന് ഇന്ന് കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. പള്ളിയുടെ സമീപത്ത് പോസ്റ്റ്‌മോർട്ടം നടത്താനായി താൽക്കാലിക സംവിധാനം ഒരുക്കിയിരുന്നു. 11 മണിയോടെയാണ് കല്ലറ പൊളിച്ചത്. കല്ലറ പൊളിക്കുന്നവരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നേരത്തെത്തന്നെ പള്ളിയിൽ എത്തിയിരുന്നു.