ലോക കേള്‍വി ദിനത്തോട് അനുബന്ധിച്ച് ദേശീയ ബധിര നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ജില്ലാതല കേള്‍വി ദിന പരിപാടികള്‍ കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ ഉദ്ഘാടനം ചെയ്തു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

കേള്‍വി കുറവ് നേരത്തേ കണ്ടെത്തുന്നതിനാവശ്യനായ വിപുലമായ പരിപാടികള്‍ വിദ്യാലയ തലങ്ങളില്‍ ആസൂത്രണം ചെയ്യണമെന്ന് സബ് കലക്ടര്‍ അഭിപ്രായപ്പെട്ടു. നേരത്തേയുള്ള കണ്ടെത്തല്‍ ചികില്‍സ രീതികള്‍ ഫലപ്രദവും വേഗത്തിലും ആക്കുന്നതിനും സഹായകമാകും.

ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിത ഉപയോഗവും പൊതു ശബ്ദ മലിനീകരണങ്ങളും പുതിയ കാലത്തെ കേള്‍വി കുറവിന്റെ പ്രധാന കാരണങ്ങളാണ്. 2025 കഴിയുന്നതോടെ പത്തില്‍ ഒരാള്‍ക്ക് കേള്‍വി പ്രശ്‌നം ഉണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. ഭാവിയില്‍ ഇതൊരു പൊതുജനാരോഗ്യ പ്രശ്‌നമായി തീര്‍ന്നേക്കാം.

ചിന്താഗതികള്‍ മാറ്റുക, കാതിന്റെയും കേള്‍വിയുടെയും സംരക്ഷണം എല്ലാവരിലും സാധ്യമാക്കാന്‍ സ്വയം പ്രാപ്തരാക്കുക എന്ന പ്രമേയം അടിസ്ഥാനപ്പെടുത്തിയാണ് 2025 വര്‍ഷത്തെ ദിനാചരണം.

ദേശീയ ബധിര നിയന്ത്രണ പദ്ധതി ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. ടി എന്‍ സുരേഷ് വിഷയാവതരണം നടത്തി. ദേശീയ ആരോഗ്യ ദൗത്യം ഡി പി എം ഡോ. സി കെ ഷാജി, ആര്‍ എം ഒ ഡോ. ഭാഗ്യരൂപ, ഇ എന്‍ ടി മെഡിക്കല്‍ കണ്‍സള്‍ട്ടന്റ് ഡോ. പി ജി ധന്യ, ലേയ് സെക്രട്ടറി എ ജയരാജന്‍, സിന്ധു ഡി നായര്‍ എന്നിവര്‍ സംസാരിച്ചു. ഗവ. ജനറല്‍ ആശുപത്രി മെഡിക്കല്‍ കണ്‍സള്‍ട്ടന്റ് ഡോ. ഷാജഹാന്‍ സ്വാഗതവും ദേശീയ ബധിരനിയന്ത്രണ പദ്ധതി ഓഡിയോ മെട്രിക് അസിസ്റ്റന്റ് നീതു എറാങ്കോട്ട് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *