ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ശരീരഭാരം കുറയുന്നതായി എ.എ.പി മന്ത്രി അതിഷി മര്‍ലേന. മാര്‍ച്ച് 21 ന് അറസ്റ്റിലായതിനുശേഷം നാലര കിലോ ഭാരം കുറഞ്ഞെന്ന് അതിഷി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ഭാരം കുറയുന്നതില്‍ ഡോക്ടര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ചതായും അതിഷി എക്സില്‍ കുറിച്ച പോസ്റ്റില്‍ ആരോപിക്കുന്നു.
‘അരവിന്ദ് കെജ്‌രിവാള്‍ കടുത്ത പ്രമേഹരോഗിയാണ്. ആരോഗ്യപ്രശ്നങ്ങള്‍ക്കിടയിലും അദ്ദേഹം രാജ്യത്തെ സേവിക്കാന്‍ 24 മണിക്കൂറും ജോലി ചെയ്യാറുണ്ടായിരുന്നു. അറസ്റ്റിലായതിന് ശേഷം അരവിന്ദ് കെജ്‌രിവാളിന്റെ ഭാരം 4.5 കിലോ കുറഞ്ഞു,’ അതിഷി ട്വീറ്റ് ചെയ്തു. ‘അരവിന്ദ് കെജ്‌രിവാളിന് എന്തെങ്കിലും സംഭവിച്ചാല്‍, രാജ്യം മാത്രമല്ല,ദൈവം പോലും ബി.ജെ.പിയോട് പൊറുക്കില്ല..അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം,ആരോപണങ്ങള്‍ തിഹാര്‍ ജയില്‍ അധികൃതര്‍ നിഷേധിച്ചു. ജയിലില്‍ എത്തുമ്പോള്‍ കെജ്‌രിവാളിന്റെ ഭാരം 65 കിലോ ആയിരുന്നെന്നും ഇപ്പോഴും അത് അങ്ങനെയാണെന്നും അധികൃതര്‍ പറയുന്നു. കെജ്‌രിവാളിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും പ്രമേഹത്തിന്റെ അളവ് സാധാരണ നിലയിലാണെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു.