സമാനതകളില്ലാത്ത മുണ്ടക്കൈ ദുരന്ത ബാധിതരെ സഹായിക്കാനായി മുസ്‌ലിം ലീഗിൻ്റെ ഭവന പദ്ധതിയുടെ നടത്തിപ്പ് പാർട്ടി ഏൽപിച്ചത്, പി.കെ. മുഹമ്മദ് ബഷീറിനെയായിരുന്നു.
വലിയൊരു ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗം കൂടിയായി ഇതിനെ കണ്ട ബഷീറിൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണാർത്ഥ ദിനങ്ങളായിരുന്നു പിന്നീട് കടന്നുപോയത്. പരിസ്ഥിതി ദുർബല പ്രദേശമാണ് ബഷീർ ഏറ്റെടുത്തതെന്നായിരുന്നു ആരോപണം. ലീഗിനെ തകർക്കുകയെന്നതിനായി കൊണ്ടുവന്ന ആക്ഷേപം, ലീഗിനെക്കാളുപരി ഏറെ എല്ലാ നിലക്കും ബാധിച്ചത് പി.കെ. ബഷീറിനെയായിരുന്നു. എന്നാൽ എന്തെങ്കിലും ഒരു പ്രശ്നം വന്നാൽ പണ്ട് എടവണ്ണയിൽ പത്തായക്കോടൻ സീതി ഹാജി തോളിലെ മുണ്ടെടുത്ത് കുടഞ്ഞ് ഒരു ഇറക്കമുണ്ട്, വാടാ ഇങ്ങോട്ടെന്ന് പറഞ്ഞ്, ഉറങ്ങിക്കിടക്കുന്നവരെ പോലും ഉണർത്തുന്ന അത്തരമാരു വിളി തന്നെയായിരുന്നു ആറുമാസം മുൻപ് പത്തായക്കോടൻ ബഷീറിൻ്റെ ഭാഗത്തു നിന്നും വയനാടിൻ്റെ മണ്ണിലേക്കിറങ്ങുവാൻ ഏറനാട്ടുകാരോടു ണ്ടായത്.

ഇപ്പോൾ ഏതാനും ദിവസം മുൻപ് 51 ഓളം വീടുകൾ കൈമാറിക്കൊണ്ടാണ് പി.കെ. ബഷീർ എന്ന നേതാവ് എതിരാളികളടക്കമു ളളവരുടെ വായടിപ്പിച്ചത്. ആർക്കിടെക്റ്റ് ടോണി ജോസടക്കം പി.കെ. ബഷീറിനെക്കുറിച്ച് പറഞ്ഞതു കൂടി നാം ഇതോടൊപ്പം കൂട്ടി ചേർത്തു വായിക്കുമ്പോൾ നമുക്ക് ഇതു പൂർണമായും ബോധ്യമാകും.
ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്കായി അതിവേഗത്തിൽ വീടുകൾ നിർമ്മിച്ച് കൈമാറിയ നടപടി സാമൂഹിക ഇടപെടലുകളുടെ മികച്ച മാതൃകയായി രാജ്യമൊന്നാകെ വാഴ്‌ത്തപ്പെട്ടപ്പോൾ നേതൃത്വം നൽകി മുൻനിരയിൽ നിന്ന പി കെ ബഷീറിൻ്റെ ഇടപെടലും പ്രത്യേകം ശ്രദ്ധേയമാണ്.

ഇലക്ഷൻ കഴിഞ്ഞ ശേഷമാണ് വീടുകളുടെ കൈമാറ്റം നടന്നത് എന്നത് പ്രവർത്തനത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം ഇല്ലെന്ന വിലയിരുത്തലിന് ഇടയാക്കുന്നു. ജാതി, മത, വർഗ്ഗ വ്യത്യാസങ്ങൾ നോക്കാതെ അർഹരായ കുടുംബങ്ങൾക്കാണ് വീടുകൾ അനുവദിച്ചത്. ഓരോ കുടുംബത്തിന്റെയും വിശ്വാസ-ആചാരങ്ങൾ മാനിച്ച് വീടുകളിൽ പ്രവേശനച്ചടങ്ങുകൾക്ക് യാതൊരു നിയന്ത്രണവും ഏർപ്പെടുത്താതെയും സുതാര്യമായ രീതിയിലുമാണ് പരിപാടികൾ സംഘടിപ്പിച്ചത്.
വീടുകൾ നിർമിച്ചുകൊടുക്കുന്നതിലുപരി, ദുരന്തബാധിതരെ വീണ്ടും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൂട്ടിക്കൊണ്ടുവരിക എന്ന ലക്ഷ്യവും പ്രവർത്തനങ്ങൾക്ക് പിന്നിലുണ്ടായിരുന്നു. മുസ്ലിം ലീഗ് നിർമ്മിച്ച ഈ ഭവനങ്ങൾ ഒരു പാർപ്പിടം മാത്രമല്ല, സമൂഹ ഐക്യത്തിന്റെ പ്രതീകമായും മാറിയതായി നാട്ടുകാർ പറയുന്നു.
പ്രചാരണപരമായ സ്വഭാവം ഒഴിവാക്കുന്നതിനായി പൊതുചടങ്ങുകൾ പരമാവധി ലഘൂകരിക്കുകയും, അനാവശ്യ തിരക്കുകൾ ഒഴിവാക്കുകയും ചെയ്തതും ശ്രദ്ധേയമാണ്. പാർട്ടി പ്രവർത്തകരെയും അനുയായികളെയും ചേർത്ത് നിർത്തുന്ന നേതൃശൈലി ബഷീറിനുള്ള സ്വീകാര്യത കൂടുതൽ വർധിപ്പിച്ചതായും വിലയിരുത്തപ്പെടുന്നു.
ദുരന്തകാലത്ത് കൈകോർക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിൽ വിശ്വാസവും ഐക്യവും വളർത്തുന്നതിന് വലിയ സംഭാവനയാണെന്ന് സാമൂഹിക രംഗത്തെ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. മനസ്സുകൾ അകന്ന് നിൽക്കുന്ന കാലഘട്ടത്തിൽ, വ്യത്യസ്ത തലങ്ങളെയും വിഭാഗങ്ങളെയും ഒരുമിപ്പിക്കാൻ കഴിയുന്ന ഇടപെടലുകളാണ് ഇത്തരം പ്രവർത്തനങ്ങൾ നൽകുന്ന വലിയ സന്ദേശം.
ഇത്തരം മാതൃകകൾ സമൂഹം ഏറ്റെടുക്കേണ്ടതുണ്ടെന്നും, കൂട്ടായ്മയും മാനവികതയും കേന്ദ്രീകരിച്ച ഒരു വലിയ സമൂഹ നിർമ്മാണത്തിന് ഇത് പ്രചോദനമാകുന്നതോടൊപ്പം പി.കെ. ബഷീർ എന്ന നേതാവിൻ്റെ പ്രവർത്തനചരിത്രത്തിൽ ഒരു പൊൻ തൂവാല കൂടിയായി മാറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *