
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ സുകാന്ത് സുരേഷിനെ കോടതി ജൂൺ അഞ്ച് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ എത്തിച്ച് വിശദമായ അന്വേഷണംനടത്തുന്നതിന് വേണ്ടിയാണ് കസ്റ്റഡിയിൽ വിട്ടത്.
സുകാന്തിന്റെ ലൈംഗിക ശേഷിയും പരിശോധിക്കും. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഒളിവിലായിരുന്ന സുകാന്ത് കഴിഞ്ഞ മാസം അവസാനം കീഴടങ്ങിയത്. തുടർന്ന് തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്‌തിരുന്നു.
മാർച്ച് 24നാണ് തിരുവനന്തപുരം പേട്ടയിലെ റെയിൽവേ ട്രാക്കിൽ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മകളുടെ മരണത്തിന് പിന്നിൽ സുഹൃത്തായ സുകാന്താണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. അസ്വാഭാവിക മരണത്തിനാണ് പൊലീസ് ആദ്യം കേസെടുത്തത്. അന്വേഷണം ആരംഭിച്ചതോടെ സുകാന്തും കുടുംബവും ഒളിവിൽ പോയി. ഇതിനിടെ മകൾ ലൈംഗിക ചൂഷണത്തിന് ഇരയായെന്നതിനുള്ള തെളിവുകൾ യുവതിയുടെ പിതാവ് പൊലീസിന് നൽകി. തുടർന്ന് സുകാന്തിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു.