കൊച്ചി: ടിനി ടോമിനെതിരെ പൊലീസ് നടപടിയിലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് അൻസിബ ഹസൻ. മൂന്ന് ദിവസത്തിനുള്ളിൽ പൊലീസ് നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അൻസിബ വ്യക്തമാക്കി. അമ്മ ഭരണ സമിതിക്ക് മുന്നിൽ മൊഴികൊടുക്കാൻ താൻ തയ്യാറല്ലെന്നും അൻസിബ അറിയിച്ചു. വേട്ടകാർക്ക് മുന്നിൽ തന്നെ പരാതി പറയാൻ ആവശ്യപ്പെടുന്നത് തന്നെ പരിഹസിക്കുന്നതിന് തുല്യമെന്നും അൻസിബ ചൂണ്ടിക്കാട്ടി.
ടിനി ടോം തനിക്കെതിതെ അപവാദ പ്രചാരണം നടത്തിയെന്നും മത തീവ്രവാദിയാക്കാൻ നിരന്തരം ശ്രമം നടത്തിയെന്നും അൻസിബ കഴിഞ്ഞ ദിവസം ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ടിനി ടോം സാമൂഹിക വിപത്താണ് എന്നും പരാതിയുമായി മുന്നോട്ട് പോകുമെന്നും അൻസിബ വ്യക്തമാക്കിയിരുന്നു.
“അദ്ദേഹം (ടിനി ടോം) എന്നോട് മാത്രമല്ല ദ്രോഹം ചെയ്തത്. ഒരു സമൂഹത്തോടാണ്. കേരളം പോലെ സെക്യുലറായ ഒരു സംസ്ഥാനത്തുള്ളവരോടാണ് ഇത് ചെയ്തത്. ഒരാളോടുള്ള വ്യക്തി വൈരാഗ്യം തീർക്കാൻ ഒന്നും കിട്ടാതിരിക്കുമ്പോൾ, പേര് അൻസിബ എന്നാണ് അത് ഉപയോഗിച്ചേക്കാം എന്നത് തെറ്റായ സന്ദേശമാണ് കൊടുക്കുന്നത്. മലയാളികൾ എല്ലാവർക്കും കാര്യം മനസിലായിട്ടുണ്ട്. അദ്ദേഹം ചെയ്തത് ന്യായീകരിക്കാൻ പറ്റില്ല. അതിനുള്ള ശിക്ഷ അദ്ദേഹം അനുഭവിച്ചേ പറ്റുള്ളൂ”, എന്നും അൻസിബ പ്രതികരിച്ചിരുന്നു.
