തവനൂർ മുൻ എംഎൽഎയും മുൻ മന്ത്രിയുമായ കെ ടി ജലീൽ സിപിഎം അംഗമായതായി പ്രഖ്യാപിച്ചു. ഭാര്യക്കൊപ്പമാണ് സിപിഐ എം അംഗത്വമെടുത്തത്. ഇനി താൻ സഹയാത്രികനല്ല പാർട്ടിയുടെ ഭാഗമാണെന്ന് പറഞ്ഞുകൊണ്ടാണ് സിപിഐ എം അംഗത്വമെടുത്ത കാര്യം അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

തന്റെ പൊതുജീവിതത്തിൽ വലിയ താങ്ങും തണലും നൽകിയ പാർട്ടിയാണ് സിപിഐ എം എന്നും 2006 ൽ തുടങ്ങിയ ഈ ആത്മബന്ധം രണ്ടു പതിറ്റാണ്ടിനിടയിൽ ഒരു ഘട്ടത്തിലും ദുർബലമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസ്ഥാനത്തിൻ്റെ സമൃദ്ധ കാലത്ത് ഏതു പാർട്ടിയിൽ ചേരാനും ഒരുപാടുപേർ കാണും. എന്നാൽ പാർട്ടി വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോൾ പാർട്ടിയുടെ കൂടെ നിൽക്കുന്ന നിസ്വാർത്ഥരായ ലക്ഷക്കണക്കിന് സഖാക്കൾക്കൊപ്പം അവരിൽ ഒരാളായി നിൽക്കാതെ മാറി നിന്നാൽ സമൂഹത്തോട് ചെയ്യുന്ന കൊടിയ അപരാധമാകും അത് എന്നും കെടി ജലീൽ കൂട്ടിച്ചേർത്തു.

ഇടതുപക്ഷ ചേരി ദുർബലമായാൽ ആത്യന്തികമായി നഷ്ടം സംഭവിക്കുക ദുർബല ജനവിഭാഗങ്ങൾക്കും മതന്യൂനപക്ഷങ്ങൾക്കുമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. പശ്ചിമബംഗാളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ദുർബലമായപ്പോൾ ഉണ്ടായ ടിഎംസിയുടെ ആയുസ്സ് വെറും 15 വർഷമാണ്. ഇപ്പോൾ അവിടം ഭരിക്കുന്നത് ബിജെപിയാണ്. സമാന സാഹചര്യം കേരളത്തിൽ ഉണ്ടാകാതിരിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഊർജസ്വലതയോടെ നിലനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

മതവിശ്വാസികൾക്ക് സിപിഐ എമ്മിൽ മെമ്പർഷിപ്പെടുക്കാൻ കഴിയില്ലെന്ന തരത്തിലുള്ള പ്രചാരണങ്ങളെയും അദ്ദേഹം എതിർത്തു. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗത്വമെടുത്താൽ മതത്തിൽ നിന്ന് പുറത്താണെന്നുള്ള വാദം ഉയർത്തി ഹൈന്ദവ-മുസ്ലിം-ക്രൈസ്തവ വിശ്വാസികളെ പിന്തിരിപ്പിക്കാനുള്ള നീക്കങ്ങൾ അത്യന്തം അപകടകരമായ അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരാൾക്ക് നല്ല വിശ്വാസിയും നല്ല കമ്മ്യൂണിസ്റ്റുകാരനുമാകാൻ കഴിയുമെന്ന് സ്വജീവിതം കൊണ്ട് തെളിയിച്ച പലരുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *