താരസംഘടനയായ അമ്മയിൽ വീണ്ടും കടുത്ത ആഭ്യന്തര കലഹവും പ്രതിസന്ധിയും. മുൻ ഭരണസമിതി അംഗങ്ങളായ ജോയ് മാത്യുവും ജയൻ ചേർത്തലയും കൈലാഷും സംഘടനയിൽ നിന്ന് ഔദ്യോഗികമായി രാജിവച്ചു. ഇരുവരും തങ്ങളുടെ രാജിക്കത്ത് അമ്മയുടെ ഔദ്യോഗിക ഇമെയിലിലേക്ക് അയക്കുകയായിരുന്നു. നേരത്തെ പൊതുയോഗത്തിൽ വച്ച് രാജി പ്രഖ്യാപിച്ചെങ്കിലും ഇരുവരും ഔദ്യോഗികമായി രാജിക്കത്ത് സമർപ്പിച്ചിരുന്നില്ല.

എന്നാൽ താരസംഘടനയെ കൂടുതൽ പ്രതിസന്ധിയിലാക്കി കൊണ്ട് താൻ ഇപ്പോഴും അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് തുടരുകയാണെന്ന് നടി ശ്വേത മേനോൻ വ്യക്തമാക്കിയതിന് ശേഷമാണ് ജോയ് മാത്യുവും ജയൻ ചേർത്തലയും കൈലാഷും ‘അമ്മ’യുടെ ഇമെയിലിലേക്ക് ഔദ്യോഗികമായി രാജി സന്ദേശം അയച്ചത്. വൈസ് പ്രസിഡന്റായിരുന്ന ലക്ഷ്മിപ്രിയ രാജി പ്രഖ്യാപനത്തിനു പിന്നാലെ ഇമെയിലിലേക്ക് രാജി സന്ദേശം അയച്ചിട്ടുണ്ട് എന്ന് ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അഡ്ഹോക് കമ്മിറ്റി യോഗത്തിന് ശേഷം രമേഷ് പിഷാരടിയും കെ.ബി ഗണേഷ് കുമാറും മാധ്യമങ്ങളെ കണ്ടപ്പോഴാണ്, മുൻ ഭരണസമിതി അംഗങ്ങൾ ആരും തന്നെ ഔദ്യോഗികമായി രാജിക്കത്ത് തന്നിട്ടില്ലെന്ന വിവരം പുറത്തുവിട്ടത്. ഇതിനു പിന്നാലെ താൻ ആരെയും വഞ്ചിച്ചിട്ടില്ല അനാഥമാക്കിയിട്ടുമില്ല. തന്റെ നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല. എന്ന ഫേസ്‌ബുക്ക് പോസ്റ്റുമായി ശ്വേത മേനോൻ രംഗത്തെത്തിയിരുന്നു. സംഘടനയെ തകർക്കാനും ഹൈജാക്ക് ചെയ്യാനും ചില നിക്ഷിപ്ത താല്പര്യക്കാർ ശ്രമിക്കുന്നുണ്ടെന്നും ഭാരവാഹികൾ രാജിവയ്ക്കണമെന്ന കൃത്യമായ അജണ്ടയോടെയാണ് ചിലർ ജനറൽ ബോഡി യോഗത്തിനെത്തിയതെന്നും ശ്വേത ആരോപിച്ചു.

അമ്മയുടെ ബൈലോ പ്രകാരം അഡ്ഹോക്ക് കമ്മിറ്റി എന്നൊരു സംവിധാനമില്ല. ഒരു കമ്മിറ്റി പൂർണ്ണമായി രാജി വെയ്ക്കുകയാണെങ്കിൽ, പുതിയ തെരഞ്ഞെടുപ്പിലൂടെ മറ്റൊരു ഭരണസമിതി വരുന്നത് വരെ പഴയ കമ്മിറ്റി തന്നെ തുടരേണ്ടതുണ്ട്. മുൻപ് മോഹൻലാലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി രാജിവെച്ചപ്പോഴും ഈ രീതിയാണ് പിന്തുടർന്നത്. എന്നാൽ തങ്ങളുടെ കമ്മിറ്റിയുടെ കാര്യത്തിൽ മാത്രം എന്തുകൊണ്ടാണ് ഈ മാനദണ്ഡം ബാധകമാകാത്തതെന്നും ശ്വേത ചോദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *