തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ അശ്രദ്ധമായി സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതും, ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതും സാമ്പത്തിക ദുരന്തത്തിന് വഴിവയ്ക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതും, ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതും വോട്ടര്‍മാരില്‍ പ്രതികൂലമായ സ്വാധീനം ചെലുത്തും. അതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതേക്കുറിച്ച് വിശദമായി പരിശോധിക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.

സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതില്‍നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കണമെന്ന ആവശ്യത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്ദ്ധ സമിതിക്ക് രൂപംനല്‍കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ധനകാര്യ കമ്മീഷന്‍, നീതി ആയോഗ്, റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, പ്രതിപക്ഷ പാര്‍ട്ടികള്‍ എന്നിവയുടെ പ്രതിനിധികള്‍ കൂടി ഉള്‍പെടുന്നതാകും സമിതിയെന്നും ചീഫ് ജസ്റ്റിസ് എന്‍.വി രമണ അറിയിച്ചു. സമിതിയെ സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് കേസിലെ കക്ഷികളോട് നിര്‍ദേശിച്ചു. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം. നിര്‍ദേശങ്ങള്‍ പരിഗണിച്ച ശേഷം അടുത്ത തിങ്കളാഴ്ച ഉത്തരവിറക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *