കേരളത്തെ നടുക്കിയ വയനാട്ടിലെ ഉരുൾപൊട്ടലിൽ കാണാതായവർക്കായി അഞ്ചാം നാളും തെരച്ചിൽ തുടരുകയാണ്. നിരവധി മൃതദേങ്ങളും ശരിരഭാഗങ്ങളും കണ്ടെത്തിയ ചാലിയാർ പുഴയിലും ഇന്ന് രാവിലെ എട്ടു മണിയോടെ തെരച്ചിൽ ആരംഭിച്ചു. ഇതുവരെ കണ്ടെത്തിയതിൽ മൂന്നിലൊന്ന് മൃതദേഹങ്ങളും കണ്ടെത്തിയത് ചാലിയാറിൽ നിന്നാണ്. ഔദ്യോഗിക കണക്കു പ്രകാരം ഇതുവരെ 67 മൃതദേഹങ്ങളും 121 ശരീരഭാഗങ്ങളുമാണ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിയത്. പൊലീസും, ഫയർഫോഴ്സും, വനംവകുപ്പും ആരോഗ്യ വകുപ്പുമുൾപ്പടെ സർക്കാർ സംവിധാനങ്ങളും ഒറ്റക്കെട്ടായി പോത്തുകല്ലിൽ നിന്നടക്കം നിരവധി യുവാക്കളും രക്ഷാപ്രവർത്തനത്തിൽ അണിനിരന്നിട്ടുണ്ട്. ഡ്രോൺ അടക്കമുള്ള സംവിധാനങ്ങളുപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്.ഇന്ന് ഇരുട്ടുകുത്തി പുഴയടക്കമുള്ള മേഖലയിലാണ് തെരച്ചിൽ പ്രധാനമായും നടക്കുന്നത്. കുത്തൊഴുക്കിനെ വക വെയ്ക്കാതെയാണ് പ്രദേശവാസികളായ യുവാക്കൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നത്. ശക്തമായ അടിയൊഴുക്കുള്ള പുഴയിൽ സ്വന്തം ജീവൻ പണയം വെച്ചാണ് ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് അടക്കമുള്ള യുവജന സംഘനകളുടെ നേതൃത്വത്തിൽ യുവാക്കൾ മൃതദേഹങ്ങൾ തെരയുന്നത്, മുണ്ടക്കൈയേയും ചൂരൽമലയേയും പുഞ്ചിരി മട്ടത്തേയും അട്ടമലയേയും അടിയോടെ പിഴുതെറിഞ്ഞ് ഒരു പ്രദേശമൊന്നാകെ തുടച്ച് നീക്കി ഉരുൾപൊട്ടൽ ഒഴുകിയെത്തിയത് ചാലിയാർ പുഴയിലേക്കാണ്.ചാലിയാർ പുഴയുടെ കൈവഴികളിലേക്കും സമീപത്തെ വനപ്രദേശങ്ങളിലേക്കും തെരച്ചിലൊനൊരുങ്ങുകയാണ് വിവിധ സേനാ വിഭാഗങ്ങളും നാട്ടുകാരും. പുഴയിൽ അടിഞ്ഞ് കൂടികിടക്കുന്ന അവശിഷ്ടങ്ങളിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇനിയും 206 ഓളം പേരെ കണ്ടെത്താനുണ്ടെന്നാണ് കണക്കുകൾ. നേരത്തെ പോത്തുകല്ല് കേന്ദ്രീകരിച്ചാണ് ശരീര ഭാഗങ്ങൾ ലഭിച്ചിരുന്നതെങ്കിൽ പിന്നീടത് കീലോമീറ്ററുകൾ ദൂരെ നിലമ്പൂർ, മമ്പാട്, എടവണ്ണ എന്നിവടങ്ങളിലേക്കും നീണ്ടു. ചാലിയാർ പുഴ ഒഴുകിയ എല്ലാ ഭാഗങ്ങളിലും കൈവഴികളിലും ശരീരാവശിഷ്ടങ്ങൾ ലഭിക്കുന്ന സ്ഥിതിയുണ്ടായി. കഴിഞ്ഞ ദിവസം മാത്രം 16 മൃതദേഹങ്ങളാണ് ചാലിയാർ പുഴയിൽ നിന്നും കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *