ഹെലികോപ്റ്റർ യാത്രയിലും മഴക്കെടുതിക്കിടയിലെ വിരുന്നിലും മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയ മറുപടികൾ പ്രതീക്ഷിച്ചത് പോലെ തന്നെയാണെന്ന് പി. രാജീവ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രയെ വിമർശിച്ച വി.ഡി. സതീശന്റെ പഴയ നിലപാടുകൾ പൊതുസമൂഹത്തിന് മുന്നിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഗ്യാലറിയിൽ ഇരുന്ന് പറയുന്നതുപോലെയല്ല ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നതെന്നും ഇൻവസ്റ്റേഴ്സുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ സർപ്രൈസ് ആയി പുറത്തു വരുമായിരിക്കുമെന്നും പി രാജീവ് പരിഹസിച്ചു.

കേരളം വലിയ മഴക്കെടുതി അനുഭവിച്ചപ്പോൾ സത്കാരത്തിൽ പങ്കെടുത്തതിനെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ പ്രതികരണത്തെയും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കാണിക്കാനാണ് ഭക്ഷണം കഴിച്ചതെന്ന് വേണമെങ്കിൽ അദ്ദേഹത്തിന് പറയാമായിരുന്നുവെന്നും, ഭക്ഷണം കഴിച്ചതിനെ വിവാദമാക്കാൻ ഇടതുപക്ഷത്തിന് ഉദ്ദേശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രളയ പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്നാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് യോഗം ചേർന്നതെന്നും മുൻപ് ദുരന്തങ്ങളുണ്ടായപ്പോൾ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒന്നിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്ന സാഹചര്യം ഇന്ന് കാണാനില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സബ് കമ്മിറ്റി രൂപീകരിച്ചത് സ്കൂളുകൾ തിരഞ്ഞെടുക്കാനാണെന്നും പി. രാജീവ് വ്യക്തമാക്കി. പദ്ധതി നടപ്പാക്കാൻ എൽ.ഡി.എഫ് സർക്കാർ ഉദ്ദേശിച്ചിരുന്നില്ലാത്തതിനാലാണ് മുൻപ് യോഗങ്ങൾ വിളിക്കാതിരുന്നത്. എന്നാൽ എൽ.ഡി.എഫ് നടപ്പാക്കിയില്ല എന്നതുകൊണ്ട് തങ്ങളും നടപ്പാക്കില്ലെന്ന് പറയാൻ യു.ഡി.എഫിന് സാധിക്കുമോ എന്നും കാര്യങ്ങളെല്ലാം ഇപ്പോൾ വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *