ശബരിമലയിലേക്ക് നിലവാരം കുറഞ്ഞ നെയ്യ് കൈമാറിയെന്ന ആക്ഷേപങ്ങളും മിൽമയ്ക്കെതിരെയുള്ള ക്രമക്കേട് ആരോപണങ്ങളും പൂർണ്ണമായും തള്ളി മിൽമ ചെയർമാൻ കെ എസ് മണി. മിൽമ യാതൊരുവിധ ക്രമക്കേടും നടത്തിയിട്ടില്ലെന്നും ശബരിമലയിലേക്ക് അയച്ച നെയ്യ് മുൻകൂട്ടി പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മിൽമയുടെ നെയ്യ് ഇനി വേണ്ടെന്ന് ദേവസ്വം ബോർഡ് തീരുമാനമെടുത്തു എന്ന രീതിയിൽ പുറത്തുവരുന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയിലേക്ക് നൽകിയ നെയ്യുടെ ഗുണനിലവാരത്തിൽ എന്തെങ്കിലും വ്യത്യാസമുള്ളതായി ദേവസ്വം ബോർഡ് ഇതുവരെ മിൽമയെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കൈമാറിയ നെയ്യുടെ തുക മുഴുവനായും ദേവസ്വം ബോർഡ് ഇതിനകം മിൽമയ്ക്ക് നൽകിയിട്ടുമുണ്ട്.
വിഷയത്തിൽ ദേവസ്വം വിജിലൻസും ക്രൈംബ്രാഞ്ചും നടത്തുന്ന അന്വേഷണങ്ങളെ മിൽമ സ്വാഗതം ചെയ്യുന്നുവർന്നും അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കുമെന്നും കെ എസ് മണി വ്യക്തമാക്കി.
പരിശോധനയിൽ ആരുടെയെങ്കിലും ഭാഗത്ത് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയാൽ അവർക്കെതിരെ ഉറപ്പായും നിയമനടപടി സ്വീകരിക്കും. ടിൻ ടാമ്പർ ചെയ്ത് നിലവാരം കുറഞ്ഞ നെയ്യ് നിറച്ചതാണോ എന്നത് അന്വേഷണത്തിലൂടെ വ്യക്തമാകേണ്ട കാര്യമാണ്. ക്ഷീരകർഷകർക്ക് സഹായകരമാകുമെന്ന നിലയിലാണ് മിൽമയുടെ നെയ്യ് വാങ്ങണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡിനെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
