തിരുവനന്തപുരം: ∙ ദേവസ്വം ബോര്‍ഡിനെ മുന്നില്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ കാപട്യം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയുള്ള കപട അയ്യപ്പ സ്‌നേഹമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയെ ഏറ്റവും സങ്കീര്‍ണമായ അവസ്ഥയില്‍ എത്തിച്ച രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎമ്മും എല്‍ഡിഎഫും. സുപ്രീംകോടതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ കൊടുത്ത സത്യവാങ്മൂലം തിരുത്തിയാണ് ആചാരലംഘനം നടത്താന്‍ ഇടതു സര്‍ക്കാര്‍ കൂട്ടുനിന്നത്.
ഈ സര്‍ക്കാര്‍ വന്ന ശേഷമാണ് തീര്‍ഥാടനം പ്രതിസന്ധിയിലായത്. മുന്‍പുണ്ടാക്കിയ ധാരണ പ്രകാരം 48 ലക്ഷം രൂപയാണ് ദേവസ്വം ബോര്‍ഡിനു നല്‍കേണ്ടത് എ.കെ.ആന്റണി സര്‍ക്കാര്‍ അത് 82 ലക്ഷമാക്കി. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇടതുസര്‍ക്കാര്‍ ആ പണം നല്‍കുന്നില്ല.
ശബരിമല വികസനവുമായി ബന്ധപ്പെട്ട് ചെറുവിരല്‍ അനക്കാത്ത സര്‍ക്കാരാണിത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും വി.എസ്.ശിവകുമാര്‍ ദേവസ്വം മന്ത്രിയും ആയിരുന്നപ്പോള്‍ 112 ഏക്കര്‍ ശബരിമല വികസനത്തിനായി ഏറ്റെടുത്തിരുന്നു.
അതിനു പകരം ഇടുക്കിയില്‍ 112 ഏക്കര്‍ വനംവകുപ്പിനു നല്‍കുകയും ചെയ്തിരുന്നു. പല വികസന പരിപാടികളാണ് യുഡിഎഫ് സര്‍ക്കാര്‍ ശബരിമലയില്‍ നടത്തിയത്. കഴിഞ്ഞ ഒമ്പതര വര്‍ഷമായി ഒരു വികസനവും നടത്താത്ത സര്‍ക്കാരാണ് ഇപ്പോള്‍ ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
