നിലമ്പൂര്‍: വഴിക്കടവ് പഞ്ചായത്തില്‍ ജനവാസ കേന്ദ്രത്തില്‍ നിന്നും 10 കിലോ മീറ്റര്‍ അകലെ ഉള്‍വനത്തിലെ അളക്കല്‍ നഗറിലെ 10 കുടുംബങ്ങള്‍ക്ക് ഓണ സമ്മാനമായി 10 വീടുകള്‍ കൈമാറി. സന്തോഷം അലയടിച്ച അന്തരീക്ഷത്തില്‍ ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ താക്കോല്‍ കൈമാറി.

ഭവന പദ്ധതിയുടെ പേരില്‍ ആദിവാസി സമൂഹം ചൂഷണത്തിനിരയാകുമ്പോള്‍ മികച്ച സൗകര്യങ്ങളോടെ വീടൊരുക്കിയ വഴിക്കടവ് പഞ്ചായത്തിന്റെ പദ്ധതി മാതൃകാപരമാണെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ പറഞ്ഞു. ആദിവാസി സമൂഹത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഒപ്പമുണ്ടാകുമെന്ന ഉറപ്പും നല്‍കി. പത്ത് വീട്ടുകാര്‍ക്കുള്ള പാത്രങ്ങളുടെ വിതരണവും എം.എല്‍.എനിര്‍വഹിച്ചു.

വഴിക്കടവ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മാതൃകാ വീടുകള്‍ നിര്‍മ്മിച്ചത്. ലൈഫ് പദ്ധതിയില്‍ 420 ചതുരശ്ര അടിയുടെ വീടാണ് നല്‍കുന്നതെങ്കില്‍ വഴിക്കടവ് പഞ്ചായത്ത് രണ്ട് കിടപ്പ് മുറികളും ഹാളും അടുക്കളയും ശുചിമുറിയും അടക്കം 560 ചതുരശ്ര അടിയിലാണ് മനോഹരമായ വീടു നല്‍കിയത്. പി.പി സുഗതന്‍ ചെയര്‍മാനായ പോത്തുകല്‍ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്‌മെന്റ് മള്‍ട്ടിപര്‍പ്പസ് ഇന്‍ഡസ്ട്രിയില്‍ സൊസൈറ്റിയാണ് നിര്‍മ്മാണം നടത്തിയത്.

ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പിടി ആധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡന്റ് റെജി കണ്ടത്തില്‍, പഞ്ചായത്തംഗങ്ങളായ റഹിയാനത്ത് മുക്കറതൊടി, പി.കെ അബ്ദുല്‍കരീം, എം. ശിഹാബ്, മുജീബ് തുറക്കല്‍, സെയ്തലവി മുപ്രാതൊടി, അളക്കല്‍ നഗര്‍ മൂപ്പന്‍ കുള്ളന്‍ ചാത്തന്‍, അസി. സെക്രട്ടറി വി. അനില്‍കുമാര്‍, സൊസൈറ്റി ഡയറക്ടര്‍മാരായ അഡ്വ. അജേഷ് നാഗലോടി, ഒ. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *