സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് വിട നൽകി രാഷ്ട്രീയ കേരളം.പൂര്‍ണ്ണ ബഹുമതികളോടെ പയ്യാമ്പലത്ത് മൃതദേഹം സംസ്‍ക്കരിച്ചു. ഇ കെ നായനാരുടെയും മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെയും കുടീരങ്ങള്‍ക്ക് നടുവിലായാണ് കോടിയേരിയുടെ അന്ത്യ വിശ്രമം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമാണ് കോടിയേരിയുടെ മൃതദേഹവും വഹിച്ച് കൊണ്ട് ഇരുവശങ്ങളിലുമുണ്ടായിരുന്നത്.പയ്യാമ്പലത്തേക്കുള്ള വിലാപയാത്രയിലാണ് ഇരുവരും മുന്നിൽ നിന്ന് മൃതദേഹം തോളിലേറ്റിയത്.

സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിലെ പൊതുദർശനത്തിന് ശേഷം ആരംഭിച്ച വിലാപയാത്രയിൽ മുഖ്യമന്ത്രി അടക്കം കാൽനടയായി അനുഗമിച്ചിരുന്നു.ഗൺ സല്യൂട്ട് ഉൾപ്പെടെ സംസ്ഥാനത്തിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. വൈകിട്ട് മൂന്നരയോടെയാണ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ മന്ദിരത്തിൽനിന്നു പയ്യാമ്പലത്ത് എത്തിയത്.ഭാര്യ വിനോദിനിയും മക്കളും പൊട്ടിക്കരഞ്ഞു കൊണ്ടാണ് വീട്ടിൽ നിന്ന് കോടിയേരിക്ക് അവസാന യാത്രമൊഴിയേകിയത്.

ഈങ്ങയിൽ പീടികയിലെ വീട്ടിൽ നിന്ന് കണ്ണൂരിലേയ്ക്കുള്ള വിലാപയാത്രയിൽ വഴിക്ക് ഇരുവശവും അന്ത്യാഭിവാദ്യവുമായി ജനം തടിച്ചുകൂടിയിരുന്നു,അര്‍ബുദബാധിതനായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് കോടിയേരി അന്തരിച്ചത്.