റോം: സ്വവര്‍ഗ വിവാഹം സംബന്ധിച്ച മുന്‍ നിലപാട് മയപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സഭയിലെ കടുത്ത വിമര്‍ശകര്‍ക്ക് നല്‍കിയിരിക്കുന്ന കത്തിലാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിലപാടിൽ വന്ന വ്യത്യാസം സൂചിപ്പിച്ചിരിക്കുന്നത്. സ്വവര്‍ഗ വിവാഹമെന്ന ആവശ്യവുമായി വരുന്ന ചില കേസുകള്‍ക്ക് ആശീര്‍വാദം നല്‍കാമെന്ന സൂചനയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നല്‍കിയിരിക്കുന്നത്
സഭയിലെ യാഥാസ്ഥിതിക വിഭാഗത്തിലുള്ള അഞ്ച് കര്‍ദിനാള്‍മാരുടെ പതിവ് ചോദ്യങ്ങള്‍ക്കുള്ള മറുപടി കത്തിലാണ് മാര്‍പ്പാപ്പ മുന്‍ നിലപാടില്‍ മാറ്റമുള്ളതായി സൂചന നല്‍കുന്നത്.
കര്‍ദിനാള്‍മാരായ വാള്‍ട്ടര്‍ ബ്രാന്‍ഡ് മുള്ളര്‍, റെയ്മണ്ട് ലിയോ ബര്‍ക്ക്, ജുവാന്‍ സാന്‍ഡോവല്‍ ഇനിഗ്വേസ്, റോബര്‍ട്ട് സാറ, ജോസഫ് സെന്‍സീ കിന്‍ എന്നിവരാണ് സ്വവര്‍ഗ വിവാഹം സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. സ്ത്രീ വൈദികരുണ്ടാകാനുള്ള സാധ്യതകളും സ്വവര്‍ഗ വിവാഹത്തേക്കുറിച്ചുള്ള മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശത്തിലെ സംശയങ്ങളും കത്തിൽ ഉണ്ടായിരുന്നു. ഇതിന് മറുപടിയായി നല്‍കിയ കത്തിലാണ് മാര്‍പ്പാപ്പ മുന്‍ നിലപാടിലെ മാറ്റം സൂചിപ്പിച്ചിരിക്കുന്നത്.
സ്വവര്‍ഗ വിവാഹങ്ങള്‍ക്കും ദേവാലയത്തില്‍ അവസരമുണ്ടാകണമെന്നാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മറുപടിയിലെ ഉള്ളടക്കം. ആശീര്‍വാദം ആവശ്യപ്പെടുന്നവര്‍ ദൈവത്തില്‍ നിന്നുള്ള സഹായത്തിനുള്ള അപേക്ഷയാണ് മുന്നോട്ട് വയ്ക്കുന്നത്. പിതാവിലുള്ള വിശ്വാസം കൂടുതല്‍ മികച്ച രീതിയില്‍ ജീവിക്കാനുള്ള പ്രാര്‍ത്ഥനയാണ് അവര്‍ തേടുന്നതെന്നും മറുപടിയില്‍ മാര്‍പ്പാപ്പ വിശദമാക്കുന്നുവെന്നാണ് സിഎന്‍ എന്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ നടത്തിയ പ്രസ്താവനയില്‍ സ്വവര്‍ഗ വിവാഹങ്ങളെ തിന്മയെന്നായിരുന്നു മാര്‍പ്പാപ്പ വിശേഷിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *