കൊച്ചി: കാലടി യൂണിവേഴ്‌സിറ്റിയിലെ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് തിരിച്ചടി. സിംഗിൾ ബെഞ്ച് വിധി തെറ്റെന്നാണ് ഡിവിഷൻ ബെഞ്ചിൻ്റെ നിരീക്ഷണം. അപേക്ഷ പോലും നൽകാതെ പരീക്ഷ എഴുതാൻ അനുവദിച്ചു എന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, മുരളി കൃഷ്ണ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് അപ്പീലിൽ വിധി പറഞ്ഞത്.
നാളെ പരീക്ഷ തുടങ്ങാനിരിക്കെയാണ് കോടതിയുടെ നിർണായക വിധി. സംഘവരിവാറിന് മുന്നിൽ കീഴടങ്ങില്ലെന്നും, നിയമപരമായി മുന്നോട്ട് പോകുമെന്നും വിദ്യാർഥികൾ അറിയിച്ചു. കാലടി സർവകലാശാലയിലെ 16 വിദ്യാർഥികളാണ് സമരം ചെയ്തതിൻ്റെ പേരിൽ 60 ദിവസത്തിലധികമായി സസ്‌പെൻഷനിൽ തുടരുന്നത്.
ഇതിൽ ശ്യംജിത്ത്, ശ്രദ്ധ, അഭിജിത്ത് കെ.വി, അർച്ചന എന്നിവർ സസ്പെൻഷൻ കാലയളവിൽ കോളേജിൽ കയറിയതിനാൽ സസ്പെൻഷൻ പിൻവലിക്കില്ലെന്ന് സർവകലാശാല അറിയിച്ചിരുന്നു. 12പേർ മാപ്പെഴുതി നൽകിയാൽ മാത്രം യൂണിവേഴ്സിറ്റിയിൽ പ്രവേശിപ്പിക്കാമെന്നും അധികൃതർ അറിയിച്ചിരുന്നു. മാപ്പ് എഴുതി നൽകുന്നത് ആർഎസ്എസിൻ്റെ രീതിയാണെന്നും, അതിന് എസ്എഫ്ഐയെ കിട്ടില്ലെന്നും പറഞ്ഞുകൊണ്ട് പ്രവർത്തകർ കഴിഞ്ഞ ദിവസം മുതൽ നിരാഹരസമരം ആരംഭിച്ചിരുന്നു.
