സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ സിപിഐഎം നേതാവിന് ജാമ്യം നൽകിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ഇ ഡി. ജാമ്യ ഉത്തരവിലെ ചില പരാമർശങ്ങൾ നീക്കണമെന്ന് ആവശ്യപ്പെടും. പ്രതികൾ കുറ്റം ചെയ്തതായി കരുതാൻ കാരണമില്ലെന്ന ഹൈക്കോടതി നിരീക്ഷണത്തിലാണ് ഇഡിക്ക് അതൃപ്തി. ഹൈക്കോടതി ഉത്തരവിലെ പരാമർശം കേസിന്‍റെ വിചാരണയെ അടക്കം ബാധിക്കുമെന്ന് വിലയിരുത്തൽ. എന്നാൽജാമ്യം നൽകിയതിനെതിരെ അപ്പീൽ നൽകാൻ ആലോചനയില്ല. സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷന്‍റെ ജാമ്യ ഉത്തരവിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ പരാർമർശമുളളത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തടക്കം സംസ്ഥാന രാഷ്ടീയത്തിൽ ഏറെ കോളിളക്കങ്ങൾ ഉണ്ടാക്കിയ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ സിപിഎം നേതാവ് പി.ആർ അരവിന്ദാക്ഷനും മുൻ അക്കൗണ്ടന്‍റ് സി.കെ ജിൽസിനും ഇന്നലെയാണ് ജാമ്യം അനുവദിച്ചത്. അരവിന്ദാക്ഷനും ജിൽസും കഴിഞ്ഞ 14 മാസമായി ജയിലിലായിരുന്നു. ഇരുവർക്കുമെതിരായ ആരോപണങ്ങളിൽ അന്വേഷണവും പൂർത്തിയായി. കുറ്റപത്രം സമർപ്പിക്കാൻ ഇനിയും വൈകും. ഉടനെയൊന്നും വിചാരണ തുടങ്ങാനുളള സാധ്യതയുമില്ല. കളളപ്പണക്കേസ് അന്വേഷിച്ച ഇഡിയുടെ വാദവും ഇതിന് പ്രതികളുടെ മറുപടിയും കേട്ടു. കോടതിയുടെ മുന്നിലെത്തിയ വസ്തുതകകൾ പരിശോധിക്കുകയും ചെയ്തു. ഇഡി ആരോപിക്കുന്നതുപോലുളള കുറ്റകൃത്യം പ്രതികൾ ചെയ്തതായി കരുതാൻ ന്യായമായ കാരണങ്ങളില്ല. അതുകൂടി പരിഗണിച്ചാണ് ഇരുവർക്കും ജാമ്യം നൽകുന്നതെന്നാണ് ഉത്തരവിലുളളത്.