കൊച്ചി: കണ്ണൂർ മട്ടന്നൂരിലെ ഷുഹൈബ് വധക്കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളി. ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള മൂന്ന് പ്രതികളാണ് ഹർജി സമർപ്പിച്ചിരുന്നത്. നിലവിൽ വിചാരണ നടക്കുന്ന തലശ്ശേരി മൂന്നാം അഡിഷണൽ സെഷൻസ് കോടതിയിൽ വിചാരണ നീതിപൂർവം നടക്കില്ലെന്നായിരുന്നു പ്രതികളുടെ വാദം. എന്നാൽ ജഡ്ജിക്കെതിരായ ആരോപണം നിയമപരമായി നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, അതേ കോടതിയിൽ തന്നെ വിചാരണ പൂർത്തിയാക്കാൻ ഉത്തരവിടുകയായിരുന്നു. അതേസമയം, സാക്ഷികളെ പൂർണമായി വിസ്തരിക്കാൻ പ്രതിഭാഗത്തിന് അവസരം നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
2018 ഫെബ്രുവരിയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷുഹൈബ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം എട്ട് വർഷത്തോളം നീണ്ട നിയമനടപടികൾക്കൊടുവിൽ കഴിഞ്ഞ മെയ് മാസമാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഇതുവരെ മൂന്ന് സാക്ഷികളുടെ വിസ്താരമാണ് പൂർത്തിയായത്. ജഡ്ജിക്കെതിരെ ആരോപണം ഉന്നയിച്ച് കോടതിയിൽ ഹാജരാകാതിരുന്ന പ്രതികളുടെ ജാമ്യം വിചാരണക്കോടതി നേരത്തെ റദ്ദാക്കിയിരുന്നുവെങ്കിലും പിന്നീട് ഹൈക്കോടതി ആ ഉത്തരവ് റദ്ദാക്കുകയുണ്ടായി.
