കൊച്ചി: കലൂരിലെ ഗിന്നസ് നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ അമേരിക്കയിലേക്ക് തിരിച്ചുപോയ നടി ദിവ്യ ഉണ്ണിയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തിയേക്കും. നടന്‍ സിജോയ് വര്‍ഗീസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്.

ഒന്നാം പ്രതി നിഘോഷ് കുമാര്‍, രണ്ടാം പ്രതി നിഘോഷിന്റെ ഭാര്യ മിനി, മൂന്നാം പ്രതി ഷമീര്‍ അബ്ദുല്‍ റഹീം എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാനാണ് പൊലീസിന്റെ നീക്കം. കേസിലെ മുഖ്യപ്രതികളെ ചോദ്യം ചെയ്യും.

നൃത്താധ്യാപകരുടെ മൊഴിയെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. പണപ്പിരിവിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചതില്‍ ആവശ്യമെങ്കില്‍ നൃത്ത അധ്യാപകരെയും കേസില്‍ പ്രതിചേര്‍ക്കും.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗനാദമെന്ന പേരില്‍ അവതരിപ്പിച്ച ഭരതനാട്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വി.ഐ.പി ഗ്യാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എം.എല്‍.എക്ക് ഗുരുതര പരിക്കേറ്റത്. താല്‍ക്കാലിക സ്റ്റേജിന്റെ നിര്‍മാണത്തില്‍ അടക്കം സംഘാടനത്തില്‍ ഗുരുതര പിഴവ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ സംഘാടകരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. സംഭവത്തില്‍ സാമ്പത്തിക തട്ടിപ്പ് ആരോപണത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിനിടെയാണ് ദിവ്യ ഉണ്ണി വിദേശത്തേക്ക് പോയത്. സംഭവത്തില്‍ ദിവ്യ ഉണ്ണിയുടെ സുഹൃത്തായ അമേരിക്കന്‍ പൗരത്വമുള്ള പൂര്‍ണിമയെ പൊലീസ് പ്രതിചേര്‍ത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *