ന്യൂഡല്‍ഹി: ഉത്തരേന്ത്യയെ മൂടി കനത്ത മൂടല്‍മഞ്ഞ്. 200 ഓളം വിമാനങ്ങളെ മൂടല്‍മഞ്ഞ് ബാധിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തുടനീളം നൂറുകണക്കിന് വിമാനങ്ങളും നിരവധി ട്രെയിനുകളും മൂടല്‍മഞ്ഞ് കാരണം വൈകിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ റണ്‍വേ ദൃശ്യപരത പൂജ്യമായതിനാല്‍ ഡല്‍ഹി വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. 30ഓളം വിമാനങ്ങള്‍ റദ്ദാക്കിയതായും റിപ്പോര്‍ട്ടുണ്ട്.

കനത്ത മൂടല്‍മഞ്ഞ് കാരണം, എയര്‍പോര്‍ട്ടിലെ ഫ്‌ലൈറ്റ് പ്രവര്‍ത്തനങ്ങളെ ബാധിച്ചതായും പുതിയ വിവരങ്ങള്‍ക്കായി യാത്രക്കാര്‍ അതത് എയര്‍ലൈനുമായി ബന്ധപ്പെടണമെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. വിമാന കമ്പനികളായ ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും ഉള്‍പ്പെടെയുള്ള എയര്‍ലൈനുകള്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ 25ഓളം സര്‍വീസുകളെ ബാധിച്ചു.

ഛണ്ഡിഗഢ്, അമൃത്സര്‍, ജയ്പൂര്‍ എന്നിവിടങ്ങളിലും ഉത്തരേന്ത്യയിലെ മറ്റ് നിരവധി വിമാനത്താവളങ്ങളിലും സമാനമായ അവസ്ഥകള്‍ റിപ്പോര്‍ട്ട് ചെയ്തു. കനത്ത മൂടല്‍മഞ്ഞ് ട്രെയിന്‍ ഷെഡ്യൂളുകളും റോഡ് ഗതാഗതവും തടസ്സപ്പെടുത്തി. ഡല്‍ഹി, നോയിഡ, ഗുരുഗ്രാം, കര്‍ണാല്‍, ഹാപൂര്‍, ഗാസിയാബാദ്, അമൃത്സര്‍ തുടങ്ങിയ നഗരങ്ങളില്‍, ദൃശ്യപരത കുറഞ്ഞതിനാല്‍ വാഹനങ്ങള്‍ കുറഞ്ഞ വേഗതയിലാണ് നീങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *