കെ-ടെറ്റ് ഇളവ് സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിനെതിരെ കേരളം പുനഃപരിശോധനാ ഹർജി സമർപ്പിച്ചു. കേരളത്തോടൊപ്പം ബംഗാൾ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളും ഹർജി നൽകിയിട്ടുണ്ടെങ്കിലും കേരളത്തെ മറ്റ് സംസ്ഥാനങ്ങളെപ്പോലെ കാണരുതെന്നാണ് പ്രധാന ആവശ്യമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
കേരളത്തിലെ അധ്യാപകരുടെ യോഗ്യത മറ്റ് സംസ്ഥാനങ്ങളിലേതിനേക്കാൾ കൂടുതലാണെന്നും അതിനാൽ കേരളത്തിന്റെ വാദം പ്രത്യേകമായി കേൾക്കാൻ കോടതി തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഏകദേശം 50,000-ത്തോളം അധ്യാപകരെ നിലവിലെ കോടതി ഉത്തരവ് ദോഷകരമായി ബാധിക്കുന്ന പശ്ചാത്തലത്തിൽ, പ്രശ്നപരിഹാരത്തിനായി സർക്കാർ അതീവ വേഗതയിലാണ് നീങ്ങുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
