കോട്ടയം: ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ റെയ്ഡ് നടത്തി എക്സൈസ് കമ്മീഷണർ. പരിശോധനയിൽ കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ് അശോക് കുമാറിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. കോട്ടയം ജില്ലയിലെ ബാർ ഉടമകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ പേരിലാണ് നടപടി. കാര്യങ്ങൾ വിശദീകരിക്കാൻ അശോക് കുമാറിനെ അടിയന്തരമായി എക്സൈസ് കമ്മീഷണറേറ്റിലേയ്ക്ക് വിളിച്ചുവരുത്തി.

കോട്ടയം ജില്ലയിലെ ബാറുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വലിയ പരാതികൾ ഉയർന്നിരുന്നു. ഈ ക്രമക്കേടിന് പ്രധാനപ്പെട്ട ഉദ്യോഗസ്ഥർ തന്നെ ചൂട്ടുപിടിക്കുന്നു എന്നും ആക്ഷേപം ഉയർന്നിരുന്നു. ഇതിൻ്റെയെല്ലാം പശ്ചാത്തലത്തിലായിരുന്നു
എക്സൈസ് കമ്മീഷണറുടെ അസാധാരണ നീക്കം.

ഇന്നലെ അർദ്ധരാത്രി കമ്മീഷണർ സീറാം സാംബശിവറാവു എക്സൈസ് വിജിലൻസ് ഓഫീസറുമായി കോട്ടയം ഡെപ്യൂട്ടി കമ്മീഷണറായ എസ് അശോക് കുമാറിന്റെ വീട്ടിലെത്തുകയായിരുന്നു. ബാർ ഉടമകളുമായുള്ള വഴിവിട്ട സാമ്പത്തിക ബന്ധം അടക്കമുള്ള വിഷയങ്ങളിൽ അശോക് കുമാറിനെതിരെ ശക്തമായ തെളിവുകൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. പരിശോധനയിൽ ഡെപ്യൂട്ടി കമ്മീഷണറുടെ ഫോൺ സംഘം പിടിച്ചെടുത്തു. പ്രാഥമിക പരിശോധനയിൽ തന്നെ ഫോണിൽ നിന്നും ഇടപാടുകളും ആയി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന.

അശോക് കുമാറിനെ കൂടാതെ കോട്ടയം ജില്ലയിലെ ഒരു റേഞ്ച് ഇൻസ്പെക്ടറുടെ മൊബൈൽ ഫോണും കമ്മീഷണർ പിടിച്ചെടുത്തിട്ടുണ്ട്. നേരിട്ട് ഹാജരാകാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇരുവരും ഇന്ന് രാവിലെ തിരുവനന്തപുരത്തേക്ക് എക്സൈസ് കമ്മീഷണറേറ്റിൽ എത്തി. പ്രാഥമികമായി രണ്ടുപേരുടെയും മൊഴിയെടുത്തിട്ടുണ്ട്. ഇതിൽ നിന്നുതന്നെ ഗൗരവപരമായ വീഴ്ച ഉണ്ടായി എന്നതാണ് കമ്മീഷണറുടെ കണ്ടെത്തൽ.

ആദ്യഘട്ട നടപടി എന്നോണം സസ്പെൻഷൻ ഇന്ന് തന്നെ ഉണ്ടാകും. തുടർന്ന് അന്വേഷണത്തിനുശേഷം ആയിരിക്കും കർശന നടപടികളിലേക്ക് കടക്കുക. ഇരുവരുടെയും മുൻകാല സർവീസ് ഹിസ്റ്ററി പരിശോധിക്കാനും കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *