വയനാട്: ചികിത്സക്കെത്തിയ പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ കോടതി ശിക്ഷിച്ച സര്‍ക്കാര്‍ ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം കനക്കുന്നു. വയനാട് മെഡിക്കല്‍ കോളേജിലെ മനോരോഗ വിദഗ്ധന്‍ ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസ് ഇപ്പോഴും സര്‍വീസില്‍ തുടരുന്നതിനെതിരെയാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം ജില്ലയിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളുടെ എല്‍.ഡി സ്‌ക്രീനിങ് ക്യാമ്പിന് നേതൃത്വം നല്‍കിയതും ഇതേ ഡോക്ടറായിരുന്നു.
വയനാട് മെഡിക്കല്‍ കോളേജിലെ മനോരോഗ വിദഗ്ധന്‍ ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസിനെ കഴിഞ്ഞദിവസമാണ് കല്‍പ്പറ്റ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ലൈംഗികാതിക്രമ കേസില്‍ ശിക്ഷിച്ചത്. എന്നാല്‍, വിധി വന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഇയാളെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്താനോ വകുപ്പുതല നടപടിയെടുക്കാനോ അധികൃതര്‍ തയ്യാറായിട്ടില്ല.