കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്സി മത്സരത്തിലെ വിവാദ ഗോളിന് പിന്നാലെ ബെംഗളൂരു എഫ്സി നായകന്‍ സുനില്‍ ഛേത്രിക്ക് നേരെ സൈബർ ആക്രമണം.ഫുട്‌ബോളിന്റെ മാന്യതയ്ക്ക് നിരക്കാത്ത കാര്യമാണ് ഛേത്രി ചെയ്തതെന്നും ഒരു ഇതിഹാസ താരത്തില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നും ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ പറയുന്നു. ആ സമയത്ത് വീണ്ടും ഫ്രീ കിക്ക് എടുത്ത് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് കാണിക്കുകയാണ് ഛേത്രി ചെയ്യേണ്ടിയിരുന്നതെന്നും ആരാധകര്‍ പ്രതികരിക്കുന്നു.ഛേത്രി ഇന്ത്യന്‍ ഫുട്ബോളിന് അപമാനമാണ് എന്നും കമന്‍റുകളുണ്ട്.

ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന നോക്കൗട്ട് മത്സരത്തിലാണ് സുനില്‍ ഛേത്രിയുടെ ഫീകിക്ക് ഗോള്‍ വന്‍ വിവാദത്തിന് വഴിതുറന്നത്. എക്സ്‍ട്രാടൈമിന്‍റെ 96-ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോളിയും താരങ്ങളും തയ്യാറെടുക്കും മുമ്പ് ക്വിക്ക് ഫ്രീകിക്ക് എടുക്കുകയായിരുന്നു ഛേത്രി. ഈസമയം റഫറി സമീപത്തുണ്ടായിരുന്നു. പ്രതിരോധക്കോട്ട കെട്ടാനുള്ള സമയംപോലും തരാതെയാണ് ഛേത്രി ഗോളടിച്ചത് എന്നും റഫറി ഇത് നോക്കി നിന്നു എന്നും ആരോപിച്ച് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പ്രതിഷേധിച്ചു. സൈഡ് ലൈനില്‍ നില്‍ക്കുകയായിരുന്നു ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും സഹപരിശീലകന്‍ ഇഷ്‍ഫാഖ് അഹമ്മദും ലൈന്‍ റഫറിയെ കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ താരങ്ങളോടെ മടങ്ങിവരാന്‍ ആവശ്യപ്പെടുകയായിരുന്നു ഇവാന്‍. മത്സരം പാതിവഴിയില്‍ തടസപ്പെട്ടപ്പോള്‍ ബെംഗളൂരു താരങ്ങളും ഛേത്രിയും ഇത് ഗോളാണ് എന്നതില്‍ ഉറച്ചുനിന്നു. വൈകാതെ തന്നെ ബ്ലാസ്റ്റേഴ്സ് താരങ്ങളും പരിശീലക സംഘവും ഡ്രസിംഗ് റൂമിലേക്ക് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *