കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച നടക്കുന്നത് സിനിമയിലെ വയലന്‍സ് ആളുകളെ ഇന്‍ഫ്‌ലുവന്‍സ് ചെയ്യുന്നുണ്ടോ എന്നാണ്. എന്നാല്‍ സിനിമയിലെ തിന്മകള്‍ കണ്ട് സ്വാധീനിക്കുന്നുണ്ടെങ്കില്‍ നന്മയും സ്വാധീനിക്കുന്നില്ലേ എന്നാണ് സിനിമാ നടന്‍ ജഗദീഷ് ചോദിച്ചത്. മലയാളത്തിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ ചിത്രമായ ‘മാര്‍ക്കോ’യില്‍ ഒരു പ്രധാനപ്പെട്ട റോളില്‍ ജഗദീഷ് എത്തിയിരുന്നു.

സിനിമയില്‍ താന്‍ അവതരിപ്പിച്ച ടോണി ഐസക്ക് അക്രമത്തിന് കൂട്ടുനില്‍ക്കുന്ന വ്യക്തിയാണ്. എന്നാല്‍ ജഗദീഷ് എന്ന വ്യക്തി ഒരിക്കലും അക്രമത്തിനൊപ്പം നില്‍ക്കുന്നയാളല്ല. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത് ടോണി ഐസക്കിനെ ആണോ അതോ ജഗദീഷിനെയാണോ എന്നും നടന്‍ ചോദിച്ചു. പുതിയ ചിത്രമായ പരിവാറിന്റെ പ്രമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘സിനിമയില്‍ നല്ല കാര്യങ്ങള്‍ എന്തെല്ലാം വരുന്നു. ലഗേ രഹോ മുന്ന ഭായ് എന്ന സിനിമ ഗാന്ധിയിസം സ്വീകരിക്കാനാണ് ആവശ്യപ്പെട്ടത്. അത് എത്രപേര്‍ സ്വീകരിക്കുന്നു? അപ്പോള്‍ തിന്മ കണ്ടാല്‍ മാത്രം ഇന്‍ഫ്‌ലുവന്‍സ്ഡ് ആകും, നന്മ കണ്ടാല്‍ ഇന്‍ഫ്‌ലുവന്‍സ്ഡ് ആകില്ല എന്ന് പറയാന്‍ കഴിയുമോ? പിന്നെ നടന്റെ കാര്യം, ഞാന്‍ അല്ല എന്റെ കഥാപാത്രമാണ് വയലന്‍സിന് കൂട്ട് നില്‍ക്കുന്നത്. ടോണി ഐസക്ക് ആക്രമണത്തിന് കൂട്ട് നില്‍ക്കുന്നു. അപ്പോള്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത് ടോണി ഐസക്കിനെ ആണോ അതോ ജഗദീഷിനെയാണോ?’

ജഗദീഷിനെയാണ് ഇഷ്ടപെടുന്നതെങ്കില്‍ ജഗദീഷ് ഇതുവരെ വയലന്‍സിന് വേണ്ടി സംസാരിച്ചിട്ടില്ല. ഒരു സ്‌കൂളില്‍ പോയാലോ കോളേജില്‍ പോയാലോ സ്നേഹത്തിന്റെ സന്ദേശമാണ് ഞാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊടുക്കാന്‍ ശ്രമിക്കുന്നത്. അപ്പോള്‍ ജഗദീഷ് കൊടുക്കുന്ന സന്ദേശം തിരസ്‌കരിച്ചിട്ട് ടോണി ഐസക്ക് കൊടുക്കുന്ന സന്ദേശം സ്വീകരിക്കുന്ന പ്രേക്ഷകര്‍ തീര്‍ച്ചയായും ഒരു തര്‍ക്ക വിഷയം തന്നെയാണ്,’ജഗദീഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *