ലോക്സഭ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്റെ അവസാനദിനമായ ഇന്ന് നിരവധി പ്രമുഖ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു. രാജീവ് ചന്ദ്രശേഖർ, കെ. സുരേന്ദ്രൻ, കെ.സി. വേണുഗോപാൽ, ഷാഫി പറമ്പിൽ, എ.എം. ആരിഫ്, സി കൃഷ്ണകുമാർ, ബൈജു കലാശാല, കൊടിക്കുന്നിൽ സുരേഷ്, ഫ്രാൻസിസ് ജോർജ്, ഹൈബി ഈഡൻ എന്നിവരാണ് ഇന്ന് പത്രിക സമർപ്പിച്ചത്. തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ കുടപ്പനക്കുന്ന് കളക്ടറേറ്റിൽ എത്തിയാണ് വരണാധികാരി ജെറോമിക് ജോർജ്ജിന് മുമ്പാകെ 11.10ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ബി.ജെ.പി അഖിലേന്ത്യ ഉപാധ്യക്ഷൻ എ.പി അബ്ദുള്ള കുട്ടി, മുൻ അംബാസിഡർ ടി.പി ശ്രീനിവാസൻ, ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷ്, ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് എന്നിവരും സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു. സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ളവർ സ്വരൂപിച്ചു നൽകിയ തുകയാണ് സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിന് കെട്ടിവെക്കാനായി നൽകിയത്.വയനാട് ലോക്സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ റോഡ് ഷോയ്ക്ക് ശേഷം റിട്ടേണിം​ഗ് ഓഫീസർ വയനാട് ജില്ലാ കളക്ടർക്ക് മുമ്പാകെയാണ് പത്രിക നൽകിയത്. നാലു സെറ്റ് പത്രികയാണ് സുരേന്ദ്രൻ സമർപ്പിച്ചത്. ഒരാൾ ഡമ്മിയായും പത്രിക നൽകി. പത്രിക സമർപ്പിക്കുമ്പോഴും റോഡ് ഷോയ്ക്കും കേന്ദ്രമന്ത്രി സ്മൃതി ഇറാനി അനുഗമിച്ചു.പാലക്കാട്‌ ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ പാലക്കാട്‌ മണ്ഡലം വരണാധികാരി കൂടിയായ ജില്ലാ കളക്ടർ ഡോ എസ് ചിത്ര മുൻപാകെയാണ് പത്രിക നൽകിയത്. നാല് സെറ്റ് പത്രികയാണ് നൽകിയത്. കോട്ടമൈതാനം അഞ്ചു വിളക്കിന് മുന്നിൽ നിന്നും ജനകീയ യാത്ര നയിച്ചു കൊണ്ടാണ് സി കൃഷ്ണകുമാർ പത്രിക നൽകാൻ കളക്ടറേറ്റിൽ എത്തിയത്. നൂറു കണക്കിന് എൻഡിഎ പ്രവർത്തകർ യാത്രയിൽ പങ്കെടുത്തു.മാവേലിക്കര മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ബൈജു കലാശാല ഉപവരണാധികാരിയായ ചെങ്ങന്നൂർ ആർഡിഒ ജി. നിർമൽ കുമാറിന് മുന്നിലാണ് പത്രിക സമർപ്പിച്ചത്. മൂന്നു സെറ്റ് പത്രികയാണ് നൽകിയത്. ബിജെപി – ബിഡിജെഎസ് നേതാക്കൾക്ക് ഒപ്പമാണ് സ്ഥാനാർഥി പത്രിക നൽകാൻ എത്തിയത്.മാവേലിക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് ഉപ വരണാധികാരി ആയ ചെങ്ങന്നൂർ ആർഡിഒ ജി. നിർമ്മൽ കുമാറിന് മുന്നിലാണ് പത്രിക നൽകിയത്. മൂന്ന് സെറ്റ് പത്രികയാണ് നൽകിയത്. ചെങ്ങന്നൂർ നഗരത്തിൽ നിന്ന് പ്രകടനം ആയി എത്തിയാണ് പത്രിക നൽകിയത്.കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് യുഡിഎഫ് നേതാക്കൾക്കൊപ്പം പ്രകടനമായി കോട്ടയം കളക്ടറേറ്റിൽ എത്തിയാണ് ജില്ലാ കളക്ടർക്ക് മുമ്പാകെ പത്രിക സമർപ്പിച്ചത്. 3 സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. മണ്ഡലത്തിലെ എൽഡിഎഫ് എൻഡിഎ സ്ഥാനാർത്ഥികൾ കഴിഞ്ഞദിവസം പത്രിക നൽകിയിരുന്നു .എറണാകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ എറണാകുളം കളക്ടേറ്റിലെത്തി തെരഞ്ഞെടുപ്പ് വാരണാധികാരിക്ക് മുന്നിൽ നാമനിർദ്ദേശ പത്രിക നൽകി. ജനങ്ങൾ നൽകുന്നത് വലിയ ആത്മവിശ്വാസമെന്നും മികച്ച ഭൂരിപക്ഷത്തോടെ മണ്ഡലം നിലനിർത്തുമെന്നും ഹൈബി ഈഡൻ പറഞ്ഞു. എറണാകുളത്തെയും ചാലക്കുടിയിലെയും ട്വന്‍റി ട്വന്‍റി സ്ഥാനാർത്ഥികളായ ആന്‍റണി ജൂഡി, ചാർളി പോൾ എന്നിവരും നാമനിർദ്ദേശ പത്രിക നൽകി.വടകര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. വടകര ആർഡിഒ പി അൻവർ സാദത്ത് മുൻപാകെ 3 സെറ്റ് പത്രികയാണ് നൽകിയത്. മുല്ലപ്പള്ളി രാമചന്ദ്രൻ, കെ കെ രമ, അച്ചൂ ഉമ്മൻ എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു. വടകര ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് വനിതകൾ പങ്കെടുത്ത റാലിയോടെയാണ് ഷാഫി പത്രിക സമർപ്പിക്കാൻ എത്തിയത്. വടകരയിലെത് അച്ചു ഉമ്മൻ പങ്കെടുത്ത ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി കൂടിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *