കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആശുപത്രിയില്‍ നിന്നുമുള്ള വിഡിയോ പങ്കുവച്ച് തൃക്കാക്കര മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അഖില്‍ മാരാര്‍. വോട്ടെണ്ണൽ ദിനത്തിലെ ആവേശം നാടാകെ പടരുമ്പോൾ, തനിക്കും കുടുംബത്തിനും ഈ ദിനം ആശുപത്രിയിലാണെന്ന് താരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

ഭാര്യ രാജലക്ഷ്മിയുടെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്നാണ് അഖിൽ വോട്ടെണ്ണൽ ദിവസം ആശുപത്രിയിൽ ചെലവഴിക്കേണ്ടി വന്നത്. ‘എല്ലാവരും തിരഞ്ഞെടുപ്പ് ഫലം ആഘോഷിക്കുന്ന തിരക്കിലായിരിക്കും, ഞങ്ങൾ ഇവിടെ ആശുപത്രിയിൽ ആഘോഷിക്കുകയാണ്’ എന്ന് അഖിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. കേരളത്തിലെ എല്ലാ ആഘോഷ ടീമുകൾക്കും താരം ആശംസകളും നേർന്നു.

തൃക്കാക്കര മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച അഖിൽ മാരാർ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളിൽ പിന്നിലാണ്. നിലവിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസാണ് മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്. രാഷ്ട്രീയ കേരളം വലിയ പ്രാധാന്യത്തോടെ നോക്കിക്കണ്ട പോരാട്ടമായിരുന്നു തൃക്കാക്കരയിലേത്. ആശുപത്രിയിലാണെങ്കിലും തിരഞ്ഞെടുപ്പ് ഫലങ്ങൾ താൻ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും താരം വീഡിയോയിൽ സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *