തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, ദശാബ്ദങ്ങൾ നീണ്ട ദ്രാവിഡ രാഷ്ട്രീയ പാരമ്പര്യത്തെ അമ്പരപ്പിച്ചുകൊണ്ട് നടൻ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) കരുത്തുറ്റ മുന്നേറ്റം നടത്തുന്നു. ആദ്യ ഫലസൂചനകൾ പുറത്തുവന്നതോടെ ചെന്നൈ പനയൂരിലെ വിജയ്യുടെ വസതിക്ക് മുന്നിൽ ആയിരക്കണക്കിന് ആരാധകരും പാർട്ടി പ്രവർത്തകരും തടിച്ചുകൂടി. ‘ദളപതി’ വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് പ്രവർത്തകർ ഈ രാഷ്ട്രീയ മാറ്റത്തെ വരവേൽക്കുന്നത്.
വിജയ്യുടെ കുടുംബാംഗങ്ങളും വലിയ ആവേശത്തിലാണ്. അദ്ദേഹത്തിന്റെ പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖറെ ബന്ധുക്കൾ ചേർത്തുപിടിച്ച് സന്തോഷം പങ്കിടുന്ന ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. ബന്ധുവായ പല്ലവി വിനോദ്കുമാർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ കുടുംബാംഗങ്ങൾ നൃത്തം ചെയ്യുന്നതും വിജയാഘോഷത്തിൽ പങ്കുചേരുന്നതും കാണാം.
ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ എന്നീ വൻശക്തികൾക്ക് കടുത്ത വെല്ലുവിളി ഉയർത്തിയാണ് പല മണ്ഡലങ്ങളിലും ടി.വി.കെ സ്ഥാനാർത്ഥികൾ മുന്നേറുന്നത്. തിരുച്ചിറപ്പള്ളി ഈസ്റ്റ്, പെരമ്പൂർ എന്നീ മണ്ഡലങ്ങളിൽ ജനവിധി തേടുന്ന വിജയ് തുടക്കം മുതൽ തന്നെ വ്യക്തമായ ഭൂരിപക്ഷം നിലനിർത്തുന്നുണ്ട്. കേവലം ഒരു സിനിമാതാരം എന്നതിലുപരി, തമിഴ് ജനത തനിക്കൊരു രാഷ്ട്രീയ ബദലായി വിജയ്യെ സ്വീകരിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ ലീഡ് നില.
