ബേപ്പൂർ: തീപാറുന്ന പോരാട്ടത്തിനൊടുവിൽ ബേപ്പൂർ നിയോജക മണ്ഡലം നിലനിർത്തി എൽഡിഎഫ് സ്ഥാനാർത്ഥി പി എ മുഹമ്മദ് റിയാസ്. യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പി വി അൻവറിനെ 7,487 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് റിയാസ് നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. റിയാസ് 81,849 വോട്ടുകൾ നേടിയപ്പോൾ അൻവറിന് 74,362 വോട്ടുകൾ ലഭിച്ചു. എൻഡിഎ സ്ഥാനാർത്ഥി അഡ്വ. പ്രകാശ് ബാബു 26,543 വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തി.

മുപ്പത്തിയഞ്ച് വർഷമായി ഇടതുകോട്ടയായി തുടരുന്ന ബേപ്പൂരിൽ ഇത്തവണ രാഷ്ട്രീയ പോരാട്ടം വ്യക്തിപരമായ തലത്തിലേക്ക് കൂടി മാറിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും നേരിട്ട് ലക്ഷ്യമിട്ട് സിപിഎം വിട്ടുവന്ന പി.വി. അൻവർ, ‘പിണറായിസം’, ‘മരുമോനിസം’ തുടങ്ങിയ പ്രയോഗങ്ങളിലൂടെയാണ് പ്രചാരണം നയിച്ചത്. യുഡിഎഫിന്റെയും മുസ്ലിം ലീഗിന്റെയും പൂർണ്ണ പിന്തുണ അൻവറിനുണ്ടായിരുന്നെങ്കിലും മണ്ഡലത്തിൽ നടപ്പിലാക്കിയ 1800 കോടി രൂപയുടെ വികസന നേട്ടങ്ങൾ റിയാസിന് തുണയായി.

2021-ൽ 28,747 വോട്ടുകളുടെ കൂറ്റൻ ഭൂരിപക്ഷത്തിൽ വിജയിച്ച റിയാസിന് ഇത്തവണ ഭൂരിപക്ഷത്തിൽ വലിയ ഇടിവുണ്ടായി എന്നത് ശ്രദ്ധേയമാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം നടത്തിയ ഫറോക്ക്, രാമനാട്ടുകര നഗരസഭകളിലെ രാഷ്ട്രീയ മാറ്റം വോട്ടെണ്ണലിലും പ്രതിഫലിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *