കോഴിക്കോട്: ചികിത്സ പിഴവിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചെന്ന ആരോപണത്തില്‍ അന്വേഷണത്തിന് മെഡിക്കല്‍ കോളജ് മൂന്നംഗ സമിതിയെ നിയോഗിച്ചു. വാണിമേല്‍ സ്വദേശി റീജിത്തിന്റെ മരണത്തിലായിരുന്നു കുടുംബം ചികിത്സാപിഴവ് ആരോപിച്ചത്. ഇടത് വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ രോഗിയുടെ വലത് വൃക്കയില്‍ ചെയ്തുവെന്നാണ് കുടുംബത്തിന്റെ ആരോപണം. 2025 ആഗസ്റ്റ് ആറിനാണ് റീജിത്തിന്റെ ആദ്യ ശസ്ത്രക്രിയ നടന്നത്. ഏപ്രില്‍ ഒന്നിന് സമ്മതമില്ലാതെ വീണ്ടും സര്‍ജറി നടത്തിയതായും കുടുംബത്തിന് പരാതിയുണ്ട്.
അതേസമയം, ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയില്‍ വിശദീകരണവുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍. കുടുംബത്തിന്റെ അനുമതിയോടെയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. എം.കെ മണികണ്ഠനാണ് വിശദീകരണം നല്‍കിയത്.
