കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ജാമ്യം ലഭിച്ച ജിതിന്‍ ഭാസ്‌കറിന് വമ്പന്‍ സ്വീകരണമൊരുക്കി സിപിഎം-ഡിവൈഎഫ്ഐ നേതാക്കള്‍. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ജിതിന്‍ ഭാസ്‌കറിനെ സ്വീകരിക്കാന്‍ സിപിഎം ഡിവൈഎഫ്‌ഐ നേതാക്കള്‍ എത്തിയിരുന്നു.

സിപിഎം വടകര ഏരിയ സെക്രട്ടറി കെ ഗോപാലന്‍ മാസ്റ്റര്‍, ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് എന്നിവരടക്കമാണ് ജിതിനെ സ്വീകരിക്കാനെത്തിയത്. മാലയിട്ട് സ്വീകരിച്ച ജിതിനെയും കൊണ്ട് റോഡിലൂടെ പ്രകടനമായി നീങ്ങുകയും ചെയ്തു. ഇന്ന് വൈകിട്ട് 4:30ന് തിരുവള്ളൂരില്‍ വെച്ച് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജിതിന് സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നുമുണ്ട്.

കേസില്‍ റിമാന്‍ഡിലായി 18-ാം ദിവസമാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജിതിന് ജാമ്യം അനുവദിച്ചത്. ആഴ്ചയില്‍ രണ്ടു ദിവസം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണമെന്നടക്കമുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം.

ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമാണ് ജിതിന്‍ ഭാസ്‌കര്‍. കേസ് പൂര്‍ണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഡിവൈഎഫ്‌ഐയുടെ വിശദീകരണം. ജിതിന് സ്‌ക്രീന്‍ഷോട്ട് നിര്‍മ്മാണത്തില്‍ യാതൊരു പങ്കുമില്ലെന്ന് ഡിവൈഎഫ്‌ഐ വാദിക്കുമ്പോഴും, അദ്ദേഹം തന്നെയാണ് ഇത് നിര്‍മ്മിച്ചതെന്നും പ്രചരിപ്പിച്ചതെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. ജൂണ്‍ 16നായിരുന്നു ജിതിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *