പാരിസ് പാരാലിംപിക്സിൽ ഇന്ത്യയുടെ മെഡൽ കൊയ്ത്തിൽ സര്‍വകാല റെക്കോര്‍ഡിട്ട് ഇന്ത്യ. പുരുഷ ജാവലിൻ ത്രോയിലും ഹൈ ജംപിലും ഇരട്ട മെഡലുകള്‍ നേടിയ ഇന്ത്യ 20 മെഡലുകളുമായി ടോക്കിയോ പാരാലിംപിക്സില്‍ നേടിയ 19 മെഡലുകളുടെ റെക്കോര്‍ഡ് മറികടന്നു. ജാവലിൻ ത്രോയിൽ അജീത്ത് സിംഗ് വെള്ളിയും സുന്ദർ സിംഗിന് വെങ്കലവും നേടിയപ്പോള്‍ ഹൈ ജംപിൽ ഇന്ത്യയുടെ ശരത് കുമാർ വെളളിയും മാരിയപ്പൻ തങ്കവേലു വെങ്കലവും സ്വന്തമാക്കി.വനിതകളുടെ 400 മീറ്ററിൽ ദീപ്തി ജീവൻജിയും ഇന്നലെ വെങ്കല മെഡൽ കരസ്ഥമാക്കി. 55.82 സെക്കൻഡിലാണ് ദീപ്തി 400 മീറ്റർ ഫിനിഷ് ചെയ്തത്. യുക്രെയ്ൻ, തുർക്കി താരങ്ങൾക്കാണ് ഈ ഇനത്തില്‍ സ്വർണവും വെള്ളിയും. ഇന്ത്യക്ക് ഇന്നും വിവിധ ഇനങ്ങളിൽ മെഡൽ മത്സരങ്ങളുണ്ട്. ആറാം ദിനം രണ്ട് വെള്ളിയും മൂന്ന് വെങ്കലവും അടക്കം അഞ്ച് മെഡലുകള്‍ നേടിയ ഇന്ത്യ പാരീസില്‍ മൂന്ന് സ്വർണമുൾപ്പടെ 20 മെഡലുമായി മെഡൽ പട്ടികയിൽ 17ാം സ്ഥാനത്തേക്ക് ഉയ‌ർന്നു.മൂന്ന് സ്വര്‍ണം ഏഴ് വെള്ളി 10 വെങ്കലവുമാണ് പാരീസില്‍ ഇതുവരെ ഇന്ത്യയുടെ നേട്ടം.ചൈനയും ബ്രിട്ടനും അമേരിക്കയുമാണ് മെഡല്‍പ്പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. ഇന്ത്യക്ക് ഇന്നും വിവിധ ഇനങ്ങളിൽ മെഡൽ മത്സരങ്ങളുണ്ട്. പാരാലിംപിക്സ് ഷൂട്ടിംഗില്‍ രണ്ടാം മെഡല്‍ ലക്ഷ്യം വെച്ച ഇന്ത്യയുടെ ആവണി ലേഖറക്ക് ഇന്നലെ നിരാശപ്പെടേണ്ടിവന്നിരുന്നു. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ അഞ്ചാം സ്ഥാനത്താണ് ആവണി ഫിനിഷ് ചെയ്തത്. കഴിഞ്ഞ ദിവസം 10 മീറ്റര്‍ എയര്‍ റൈഫിളില്‍ സ്വര്‍ണം നേടിയ ആവണി തുടര്‍ച്ചയായ രണ്ട് പാരാലിംപിക്സുകളില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായിരുന്നു. വനിതാ ഷോട്ട് പുട്ടില്‍ ഇന്ത്യയുടെ ഭാഗ്യശ്രീ ജാഥവ് അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്ത്.

Leave a Reply

Your email address will not be published. Required fields are marked *