മലപ്പുറം: സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും തിരിച്ചുവിടാന്‍ ശ്രമം നടക്കുന്നുവെന്നാണ് കാന്തപുരത്തിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലാണ് കാന്തപുരത്തിന്റെ പരാമര്‍ശം. അണികളോട് സംയമനം പാലിക്കാനും കാന്തപുരത്തിന്റെ ആഹ്വാനം. ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്. ഇതിലൂടെ വിഭാഗീയതയിലേക്ക് വഴി തിരിച്ചുവിടാനുള്ള ശ്രമം നടക്കുന്നു. നിക്ഷിപ്ത താല്‍പര്യം തിരിച്ചറിയണം. അറിവന്വേഷണം അട്ടിമറിക്കുന്ന ദുഷ്ടലാക്കാണ്. സമൂഹത്തില്‍ ഭിന്നത വളര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. പ്രവര്‍ത്തകര്‍ പ്രകോപനങ്ങളില്‍ വീഴരുതെന്നും പക്വതയോടെയും വിവേകത്തോടെയും ഇടപെടണമെന്നും കാന്തപുരം ഫേസ്ബുക്കില്‍ കുറിച്ചു. ഇന്നലെ തൃശൂരിലെ വേദിയില്‍ സ്ത്രീകളെ രണ്ടാം സ്ഥാനക്കാരായി കാണുന്നില്ല എന്ന് കാന്തപുരം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം നാളെ കോഴിക്കോട്ട് നടക്കുന്ന മീലാദ് സമ്മേളനത്തില്‍ വിഷയത്തില്‍ കാന്തപുരം കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കും എന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

കാന്തപുരത്തിന്റെ കുറിപ്പ്
സംവാദങ്ങള്‍ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനും പുതിയ കാര്യങ്ങള്‍ പഠിക്കാനുമുള്ള ആരോഗ്യകരമായ വേദികളാകണം. അതേസമയം, ഇത്തരം ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നവരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ നാം കൃത്യമായി തിരിച്ചറിയുകയും വേണം. അറിവന്വേഷണങ്ങളെ അട്ടിമറിച്ച്, സമൂഹത്തില്‍ ഭിന്നത വളര്‍ത്താനുള്ള ഇത്തരം ദുഷ്ടലാക്കുകളെ തികഞ്ഞ ജാഗ്രതയോടെ വേണം നാം സമീപിക്കാന്‍. പ്രവര്‍ത്തകര്‍ യാതൊരുവിധ പ്രകോപനങ്ങള്‍ക്കും വശംവദരാകാന്‍ പാടില്ല. ഇത്തരം സാഹചര്യങ്ങളില്‍ ഒട്ടും വൈകാരികമായി പ്രതികരിക്കാതെ, തികഞ്ഞ പക്വതയോടെയും വിവേകത്തോടെയും മാത്രമേ നാം ഇടപെടാവൂ. നാളിതുവരെയും ഏതു തിന്മകളെയും നന്മ കൊണ്ടു മാത്രം എതിരിട്ട സംസ്‌കാരമാണ് പാരമ്പര്യ സുന്നി വിശ്വാസികളുടേത്. നമ്മുടെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ, അച്ചടക്കത്തോടെയും സംയമനത്തോടെയും മുന്നോട്ടു പോകണം. അല്ലാഹു എല്ലാവര്‍ക്കും നന്മകള്‍ക്കു തൗഫീഖ് നല്‍കട്ടെ

Leave a Reply

Your email address will not be published. Required fields are marked *