2024 ജൂലൈ 30 ന് പുലര്‍ച്ചെ വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിൽ , മുണ്ടക്കൈ-ചൂരൽമല പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടൽ സമാനതകളില്ലാത്ത മഹാദുരന്തമാണ് സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി. നിയമസഭയിൽ അനുശോചന പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പ്രദേശമാകെ തകര്‍ന്നു പോവുന്ന സാഹചര്യമാണുണ്ടായത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളുടെ ഗണത്തിൽപ്പെടുന്നതാണ് ഈ ദുരന്തം. ദേശീയ അന്തര്‍ദേശീയ തലങ്ങളിലെ ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് പ്രസിദ്ധീകരിച്ച ശാസ്ത്ര ലേഖനത്തിൽ മണിക്കൂറിൽ 100 കിലോമീറ്റര്‍ വേഗതയിൽ 5.72 ദശലക്ഷം ഘന മീറ്റര്‍ അവശിഷ്ടങ്ങള്‍ ഒഴുകിയെത്തി എന്നാണ് കണക്കാക്കിയിരിക്കുന്നത്. 32 മീറ്റര്‍ വരെ ഉയരത്തിലാണ് അവശിഷ്ടങ്ങള്‍ ഒഴുകിയെത്തിയത്. കാലാവസ്ഥാ വ്യതിയാനം മൂലം പ്രാദേശികമായി ഉണ്ടാകുന്ന അതിതീവ്ര മഴയാണ് ഈ ഉരുള്‍പൊട്ടലിന് കാരണമായത്. ഈ പ്രദേശത്തോട് ഏറ്റവും അടുത്തുള്ള കള്ളാടിയിലെ ഔദ്യോഗിക മഴമാപിനിയിൽ ജൂലൈ 29 ന് 200.2 മില്ലിമീറ്ററും 30 ന് 372.6 മില്ലിമീറ്ററും മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല, അട്ടമല എന്നീ സ്ഥലങ്ങളെ നേരിട്ട് ബാധിച്ച ഈ ദുരന്തത്തിൽ 231 ജീവനുകള്‍ നഷ്ടപ്പെടുകയും, 47 വ്യക്തികളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. 145 വീടുകള്‍ പൂര്‍ണ്ണമായും, 170 എണ്ണം ഭാഗികമായും തകര്‍ന്നു. 240 വീടുകള്‍ വാസയോഗ്യം അല്ലാതാവുകയും, 183 വീടുകള്‍ ഒഴുകിപ്പോവുകയും ചെയ്തു. ശാസ്ത്രീയ പഠനത്തിന്‍റെ വെളിച്ചത്തിൽ വാസയോഗ്യമല്ല എന്ന് കണ്ടെത്തിയിരിക്കുന്ന സ്ഥലങ്ങളിലാകട്ടെ കൂടുതൽ വീടുകള്‍ ഉണ്ട്. കടകള്‍, ജീവനോപാധികള്‍, വാഹനങ്ങള്‍, കൃഷി, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്ന് ചുരുങ്ങിയത് 1,200 കോടി രൂപയുടെ നഷ്ടം എങ്കിലും മേപ്പാടിയിൽ ഉണ്ടായിട്ടുണ്ട്. ഇതേ ദിവസം തന്നെയാണ് കോഴിക്കോട് ജില്ലയിലെ വാണിമേൽ പഞ്ചായത്തിലെ വിലങ്ങാടിലും ഉരുള്‍പൊട്ടൽ ഉണ്ടായത്. കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക് പ്രകാരം 48 മണിക്കൂറിൽ 307 മില്ലിമീറ്റര്‍ മഴയാണ് വിലങ്ങാടിൽ രേഖപ്പെടുത്തപ്പെട്ടത്. അവിടെ ഒരു വിലപ്പെട്ട ജീവനും വീടുകള്‍, കടകള്‍, ജീവനോപാധികള്‍, വാഹനങ്ങള്‍, കൃഷി, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയും നഷ്ട്ടപ്പെട്ടിട്ടുണ്ട്. അവയെല്ലാം ചേര്‍ന്ന് ചുരുങ്ങിയത് 217 കോടി രൂപയുടെ നഷ്ടം എങ്കിലും വിലങ്ങാടിൽ ഉണ്ടായിട്ടുണ്ട്. മനുഷ്യന്‍റെ ഇടപെടലുകള്‍ ഒട്ടും തന്നെയില്ലാത്തതും വനത്തിനകത്തുള്ളതുമായ പ്രഭവകേന്ദ്രത്തിൽ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള പ്രദേശങ്ങളെ പോലും തകര്‍ത്ത് തരിപ്പണമാക്കിയാണ് മേപ്പാടിയിൽ ഉരുള്‍പൊട്ടിയിറങ്ങിയത്. വിലങ്ങാടിലും മേപ്പാടിയിലും ജനങ്ങളുടെയും, സന്നദ്ധ പ്രവര്‍ത്തകരുടെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, ജില്ലാ ഭരണ സംവിധാനങ്ങളുടെയും ജാഗ്രതയുടെ ഫലമായി നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.മേപ്പാടിയിലെ ദുരന്തത്തെ അതിജീവിച്ച 794 കുടുംബങ്ങള്‍ നിലവിൽ വാടക വീടുകളിലാണ് താമസിക്കുന്നത്. വിലങ്ങാടിൽ 30 കുടുംബങ്ങളാണ് വാടക വീടുകളിൽ കഴിയുന്നത്. മേപ്പാടിയിലെ അതിജീവിതര്‍ക്കായി സുരക്ഷിതമായ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്. വിലങ്ങാടിലും സമഗ്രമായ പുനരധിവാസം ഉറപ്പുവരുത്താനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്. രണ്ടിടങ്ങളിലെയും അതിജീവിതര്‍ക്കു വേണ്ട അടിയന്തര സഹായങ്ങള്‍ എല്ലാം തന്നെ സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്.ആഗോള താപനത്തിന്‍റെയും കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും ഫലമായി അടിക്കടി പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുന്ന നാടായി കേരളം മാറുന്നു. ഇനിയും ആവര്‍ത്തിക്കപ്പെടാന്‍ സാധ്യതയുള്ള ഇത്തരം ദുരന്തങ്ങളെ പ്രതിരോധിക്കാനും അവയുടെ ആഘാതം പരമാവധി ലഘൂകരിക്കാനും സംസ്ഥാന സര്‍ക്കാര്‍ ഒരു ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷന്‍ മിഷന്‍ രൂപീകരിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പശ്ചാത്തലത്തിൽ കേരള കേന്ദ്രീകൃത ഗവേഷണങ്ങള്‍ നടത്താനായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചിട്ടുമുണ്ട്. കാലാവസ്ഥാ പ്രവചനം ശക്തിപ്പെടുത്തുന്ന വിധത്തിൽ റഡാറുകള്‍ ഉള്‍പ്പെടെ കൂടുതൽ നിരീക്ഷണ സംവിധാനങ്ങള്‍ കേരളത്തിന് ലഭ്യമാക്കണം എന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉരുള്‍പൊട്ടൽ പ്രവചനം മെച്ചപ്പെടുത്തുന്നതിന് ദേശീയ ഏജന്‍സികളുടെ ഗവേഷണം ശക്തിപ്പെടുത്തണം എന്നും അവയുടെ പ്രാദേശിക കേന്ദ്രങ്ങള്‍ കേരളത്തിൽ ആരംഭിക്കണം എന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം തന്നെ ശാസ്ത്രീയമായ ഭൂവിനിയോഗം സാധ്യമാക്കുന്നതിലും, അപകടസൂചന മുന്‍കൂട്ടി നൽകുന്നതിനുള്ള പ്രാദേശിക സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിനൊക്കെ പുറമെ, ഇപ്പോഴുണ്ടായ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ മേപ്പാടിയിലെയും വിലങ്ങാടിലെയും ഉരുള്‍പൊട്ടലുകള്‍ ശാസ്ത്രീയ വിശകലനങ്ങള്‍ക്കു വിധേയമാക്കി വരികയാണ്. ആഗോള താപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും ഫലപ്രദമായി ചെറുക്കുന്നതിനും അവയുടെ ഫലമായുണ്ടാകുന്ന ദുരന്തങ്ങളെ അതിജീവിക്കുന്നതിനും കേരളത്തിന് ശാസ്ത്ര ലോകത്തിന്‍റെയും കേന്ദ്ര സര്‍ക്കാരിന്‍റെയും ആഗോള തലത്തിലെ വിദഗ്ദ്ധരുടെയും പൊതുസമൂഹത്തിന്‍റെയാകെയും പിന്തുണയും സഹകരണവും ആവശ്യമാണ് എന്ന് ഈ സഭ വിലയിരുത്തേണ്ടതുണ്ട്.ദുരന്തത്തെ അതിജീവിച്ചവരെ ചേര്‍ത്തുപിടിച്ചുകൊണ്ട്, അവര്‍ക്ക് കൂടുതൽ മെച്ചപ്പെട്ടതും സുരക്ഷിതവുമായ ഒരു ജീവിതം പുനഃസ്ഥാപിച്ചു നൽ കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അത്തരം പ്രവര്‍ത്തങ്ങള്‍ക്ക് ഈ സഭ പൂര്‍ണ്ണ പിന്തുണ നൽകണമെന് അഭ്യർത്ഥിക്കുന്നു എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.അവസാനമായി വയനാട്ടിലെ മേപ്പാടിയിലും, കോഴിക്കോട്ടെ വിലങ്ങാടിലും ഉണ്ടായ ദുരന്തങ്ങളിൽ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടുള്ള അനുശോചനം രേഖപ്പെടുത്തുന്നു എന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
