പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പിൽ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ സംഭവത്തിൽ 31-കാരനായ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിലായി. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രദീപ് മുഖർജിയെ ആന്ധ്രാപ്രദേശ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് സെൽ കോയമ്പത്തൂരിൽവെച്ചാണ് പിടികൂടിയത്.
കോയമ്പത്തൂരിലെ നാവികസേനാ പരിശീലന കേന്ദ്രമായ ഐ.എൻ.എസ്. അഗ്രണിയിൽ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് കോഴ്‌സിന് എത്തിയപ്പോഴാണ് ഇയാൾ പിടിയിലാകുന്നത്. 2014-ൽ ഇന്ത്യൻ നാവികസേനയിൽ സെയിലറായി ചേർന്ന പ്രദീപ്, വിശാഖപട്ടണം ആസ്ഥാനമായുള്ള ഈസ്റ്റേൺ നേവൽ കമാൻഡിന് കീഴിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. കോഴ്‌സിൽ പങ്കെടുക്കാനായി ഒരു ആഴ്ച മുമ്പാണ് ഇയാൾ ഐ.എൻ.എസ്. അഗ്രണിയിലെത്തിയത്.
ഏതാനും മാസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയ വഴിയാണ് പാകിസ്ഥാൻ വനിതാ ഇന്റലിജൻസ് ഏജന്റ് പ്രദീപിനെ വലയിലാക്കുന്നത്. പ്രദീപുമായി സൗഹൃദം സ്ഥാപിച്ച ശേഷം, വിശാഖപട്ടണം നാവികസേനാ താവളവുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങളും കപ്പൽ നീക്കങ്ങളും പ്രവർത്തന രീതികളും ഇയാൾ ചോർത്തി നൽകുകയായിരുന്നു.
പ്രദീപിന്റെ സംശയാസ്പദമായ ഇടപെടലുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ആന്ധ്രാപ്രദേശ് പോലീസിന്റെ പ്രത്യേക വിഭാഗം ഇയാളെ നിരീക്ഷണത്തിലാക്കിയിരുന്നു. വിവരങ്ങൾ കൈമാറിയതിൽ ഇയാളുടെ പങ്ക് സ്ഥിരീകരിച്ചതോടെ നാവികസേനാ അധികാരികളുടെ അനുമതിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ ഐ.എൻ.എസ്. അഗ്രണിയിലെത്തിയ പ്രത്യേക സി.ഐ. സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അറസ്റ്റ് സംബന്ധിച്ച വിവരങ്ങൾ കോയമ്പത്തൂരിലെ പ്രാദേശിക പൊലീസിനെ ഔദ്യോഗികമായി അറിയിച്ച ശേഷം, പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റ് വാങ്ങി. തുടർന്ന് കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ വിജയവാഡയിലെ കൗണ്ടർ ഇന്റലിജൻസ് ആസ്ഥാനത്തേക്ക് കൊണ്ടുപോയി. ചോർത്തപ്പെട്ട ഫയലുകളുടെ വ്യാപ്തിയും ഹവാല വഴിയോ ഡിജിറ്റൽ പേയ്‌മെന്റുകൾ വഴിയോ പണമിടപാടുകൾ നടന്നിട്ടുണ്ടോ എന്ന കാര്യവും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.
