രോഹിത് ശര്‍മ്മ ഇന്ത്യയുടെ ടി20, ഏകദിന ടീമുകളുടെ ക്യാപ്റ്റനാകുന്നത് കാണാനാണ് ഇഷ്ടപ്പെടുന്നതെന്ന് നിയുക്ത മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ലോകകപ്പിനു ശേഷം നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കു തൊട്ടുമുമ്പ് ദ്രാവിഡ് സ്ഥാനമേല്‍ക്കുമെന്നാണ് വിവരം. അതോടൊപ്പം തന്നെ ബോര്‍ഡ് പുതിയ നായകനെയും പ്രഖ്യാപിച്ചേക്കും. കോഹ്ലിയുടെ പകരക്കാരനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഈ ആഴ്ച അവസാനം സെലക്ഷന്‍ കമ്മിറ്റി പ്രത്യേക യോഗം ചേരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കോഹ്ലിയുടെ പകരക്കാരന്‍ ആരാകണം എന്നതു സംബന്ധിച്ച് ഇന്ത്യയുടെ നിയുക്ത കോച്ച് ദ്രാവിഡ് അഭിപ്രായം പറയുന്നത്.ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദ്രാവിഡ്, രോഹിത് ശര്‍മ്മയെ പിന്തുണച്ചത്. രോഹിത് കഴിഞ്ഞാല്‍ കെ.എല്‍. രാഹുലിനാണ് ദ്രാവിഡ് പരിഗണന നല്‍കുന്നത്.
ഇന്ത്യയുടെ വൈറ്റ്‌ബോള്‍ ടീം നായകനായി ആരു വരണം?’ എന്ന ചോദ്യത്തിന് ഉത്തരമായി രോഹിത് ശര്‍മയെന്നാണ് ദ്രാവിഡ് മറുപടി നല്‍കിയത്.
ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള ക്യാപ്റ്റനാണ് രോഹിത്. അഞ്ച് തവണ മുബൈ ഇന്ത്യന്‍സിനെ ജേതാക്കളാക്കാന്‍ രോഹിതിന് സാധിച്ചിരുന്നു. നിദഹാസ് ട്രോഫിയിലും 2018 ഏഷ്യ കപ്പിലും ഇന്ത്യയെ കിരീടം ചൂടിച്ചതും രോഹിത് തന്നെ.
പുതിയ പരിശീലകനായി തെരഞ്ഞെടുത്തത് വലിയ ബഹുമതിയെന്നാണ് രാഹുല്‍ ദ്രാവിഡിന്റെ പ്രതികരണം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മുന്നോട്ടു നയിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. രവി ശാസ്ത്രിയുടെ കീഴില്‍ ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതേ രീതിയില്‍ ടീമിനെ നയിക്കാമെന്ന് പ്രതീക്ഷിക്കുന്നതായും ദ്രാവിഡ് പറഞ്ഞു.
