ആമസോൺ വഴി പുതിയ രീതിയിൽ തട്ടിപ്പ് നടത്തിയ രണ്ട് ഉത്തരേന്ത്യൻ സ്വദേശികൾ മംഗളൂരിൽ അറസ്റ്റിൽ. രണ്ട് രാജസ്ഥാൻ സ്വദേശികളെയാണ് മംഗളൂരുവിലെ ഉർവ പൊലീസ് പിടികൂടിയത്. എട്ട് സംസ്ഥാനങ്ങളിൽ നിന്നായി 1.29 കോടി രൂപയുടെ സാധനങ്ങൾ തട്ടിയ ഇവർ ഇതെല്ലാം മറിച്ച് വിറ്റതായും പൊലീസ് കണ്ടെത്തി. ആമസോൺ ഡെലിവറി എക്സിക്യൂട്ടീവിനെ പറ്റിക്കുന്ന തരം തട്ടിപ്പാണ് രാജസ്ഥാൻ സ്വദേശികളായ രാജ് കുമാർ മീണ, സുഭാഷ് ഗുർജർ എന്നീ യുവാക്കൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി പല സംസ്ഥാനങ്ങളിലായി നടത്തി വന്നത്.
കള്ളപ്പേരിൽ ഓരോ ഇടങ്ങളിൽ ഹോം സ്റ്റേകളിലോ സ‍ർവീസ് അപ്പാർട്ട്മെന്‍റുകളിലോ ആയി ഇവർ മുറിയെടുക്കും. എന്നിട്ട് ആമസോണിൽ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ ഓർഡർ ചെയ്യും. മാക് ബുക്കും ഐഫോണും സോണി ക്യാമറയും അങ്ങനെ വാങ്ങുന്നവയെല്ലാം വില പിടിപ്പുള്ളവ. ഇവയെല്ലാം ക്യാഷ് ഓൺ ഡെലിവറിയായിട്ടാകും ഓർഡർ ചെയ്യുക. ഡെലിവറി എക്സിക്യൂട്ടീവ് സാധനങ്ങളുമായി എത്തിയാൽ ഒരാൾ വാതിൽ തുറന്ന് സാധനങ്ങൾ വാങ്ങി അകത്തേക്ക് പോകും. രണ്ടാമൻ ഡെലിവറി ഒടിപി നൽകാനെന്ന പേരിൽ വാതിലിനരികെ നിൽക്കും. ഒടിപി വന്നില്ലെന്നോ, തെറ്റായ ഒടിപിയാണെന്നോ ഒക്കെ പറഞ്ഞ് രണ്ടാമൻ ഡെലിവറി എക്സിക്യൂട്ടീവിനെ ആശയക്കുഴപ്പത്തിലാക്കും.

എക്സിക്യൂട്ടീവ് പുറത്ത് കാത്ത് നിൽക്കുന്ന സമയത്ത് സാധനങ്ങൾ വാങ്ങി അകത്തേക്ക് പോയയാൾ പെട്ടിയിലുള്ള സാധനങ്ങളെല്ലാം പുറത്തെടുത്ത് അതിന് പകരം അതേ ഭാരമുള്ള മറ്റേതെങ്കിലും വസ്തു അകത്ത് വച്ച് വ്യാജടേപ്പ് ഒട്ടിച്ച് തിരികെ കൊണ്ട് വരും. ഒടിപി വരുന്നതിൽ പ്രശ്നമുണ്ടെന്നും ഇതേ സാധനം നാളെ വാങ്ങിക്കോളാം എന്നും പറഞ്ഞ് ഇവർ ഡെലിവറി എക്സിക്യൂട്ടീവിനെ തിരിച്ചയക്കും. കയ്യിലുള്ളത് ഒറിജിനൽ വസ്തുവല്ലെന്ന് തിരിച്ചറിയാതെ എക്സിക്യൂട്ടീവ് മടങ്ങുകയും ചെയ്യും. സാധനം കിട്ടിയാലുടൻ ഇവരിവിടെ നിന്ന് മുങ്ങും. ഏതെങ്കിലും മാർക്കറ്റിൽ സാധനങ്ങൾ മറിച്ച് വിൽക്കും.

സമാനമായ രീതിയിൽ ഒന്നരക്കോടിയോളം രൂപയുടെ സാധനങ്ങൾ വാങ്ങി തട്ടിപ്പ് നടത്തിയ ശേഷമാണ് ഇരുവരെയും പൊലീസ് പിടികൂടുന്നത്. തമിഴ് നാട് അടക്കം എട്ട് സംസ്ഥാനങ്ങളിലെ പൊലീസ് ഇവർക്കായി വല വിരിച്ചിരുന്നു. ഇവർക്ക് സാധനങ്ങളെത്തിച്ച് നൽകിയ ആമസോൺ പാർട്ണറായ ലോജിസ്റ്റിക് കമ്പനിയായ മഹീന്ദ്ര ലോജിസ്റ്റിക്സ് തട്ടിപ്പിനേക്കുറിച്ച് വളരെപ്പെട്ടന്ന് തന്നെ വിവരം നൽകിയത് കൊണ്ടാണ് ഇത്തവണ ഇവരെ പിടികൂടാനായത് എന്ന് മംഗളൂരു പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *