പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‌ രാഹുൽ മാങ്കൂട്ടത്തിലും ഷാഫിയും ഹസ്തദാനം നിരസിച്ച സംഭവത്തില്‍ വിവാദം കൊഴുക്കുന്നു. പി സരിന്‌ കൈ കൊടുക്കാൻ തയ്യാറാവാത്ത ഷാഫിയെയും രാഹുലിനെയും ന്യായീകരിച്ച് പ്രതിപക്ഷ വി ഡി സതീശൻ. ഷാഫിയും രാഹുലും നിഷ്കളങ്കരായ കുട്ടികളാണ്. കൂടെ നിന്ന് ചതിച്ചു പോയ ആളെ കണ്ടപ്പോൾ അവർക്ക് വികാരമുണ്ടായതാണെന്നും അത് കാര്യമാക്കേണ്ടതില്ലെന്നും സതീശൻ പറഞ്ഞു. 50 വർഷത്തിനിടെ കോൺഗ്രസ് ഒറ്റക്കെട്ടായി നേരിടുന്ന ഉപതെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് അവകാശപ്പെട്ടു.ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ഹസ്തദാനം ചെയ്യാത്തതിൽ വലിയ വിഷമമില്ലെന്ന് പി സരിൻ പ്രതികരിച്ചു. ഞാൻ എന്റെ സ്വഭാവമാണ് പ്രകടിപ്പിച്ചത്. അവർ അവരുടെ സംസ്കാരം കാണിച്ചു. പാലക്കാട്ടുക്കാരൻ എന്ന നിലയിൽ രാഹുലിനോട് ആതിഥ്യ മര്യാദയാണ് കാണിച്ചത്. വന്ന് കയറിയ ആൾക്ക് തിരിച്ച് ആ മര്യാദ ഉണ്ടായില്ല. അത് പാലക്കാടൻ ജനതയോടുള്ള ധിക്കാരമാണെന്ന് സരിൻ പറഞ്ഞു. പ്രതിപക്ഷ നേതാവാണ് ഏറ്റവും വലിയ നിഷ്കളങ്കൻ എന്ന് ഫലം വരുമ്പോൾ ബോധ്യമാകുമെന്നും സരിന്‍ പരിഹസിച്ചു. പാലക്കാട്‌ ബിജെപി വൻ തോതിൽ പണം ഒഴുക്കുന്നുണ്ട്. ഇത് കൈപ്പറ്റുന്നവർ കോൺഗ്രസുകാരാണ്. വിഷയത്തില്‍ തെളിവ് സഹിതം പരാതിപ്പെടും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, കൈ വേണ്ട എന്ന് പറഞ്ഞ് പോയവർക്ക് ഇനി കൈ തരില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പാലക്കാടിന് കൈ കൊടുത്തിട്ടുണ്ട്. അതിനപ്പുറം ഒരു കൈയും തനിക്ക് വേണ്ട. ജനങ്ങളെ ബാധിക്കുന്ന ഗൗരവമുള്ള വിഷയങ്ങൾ ചർച്ച ചെയ്യണമെന്നും ജനങ്ങൾക്ക് എല്ലാം മനസിലാകുമെന്നും രാഹുൽ പ്രതികരിച്ചു. ഇന്നലെയാണ് പാലക്കാട്ടെ ഒരു കല്യാണ വീട്ടിൽ വോട്ട് തേടിയെത്തിയ പി സരിന്റെ ഹസ്തദാനം രാഹുൽ മാങ്കൂട്ടത്തിലും ഷാഫിയും നിരസിച്ചത്. നിരവധി തവണ രാഹുലിനെയും ഷാഫിയെയും സരിന്‍ വിളിച്ചെങ്കിലും തിരിഞ്ഞുനോക്കാതെ ഇരുവരും നടന്ന് പോവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *