തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17 കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സിറ്റി പൊലീസ് കമ്മീഷണർ എഡിജിപിക്ക് റിപ്പോർട്ട് നൽകി. രാത്രി 10:52-ന് കാണാനില്ലെന്ന പരാതി ലഭിക്കുമ്പോൾ തന്നെ കുട്ടി കൊല്ലപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഉടൻ തന്നെ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും സുഹൃത്തിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒന്നാം പ്രതിയായ പ്രായപൂർത്തിയാകാത്തയാളെ അന്ന് രാത്രി തന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണമാണ് ഉമർ എന്ന വ്യക്തിയിലേക്ക് എത്തിയത്. കൊല്ലപ്പെട്ടയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായതിനാൽ കൃത്യമായ ലൊക്കേഷൻ കണ്ടെത്താൻ ആദ്യഘട്ടത്തിൽ പ്രയാസപ്പെട്ടിരുന്നു. എന്നാൽ, മണിക്കൂറുകൾക്കകം ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതികളെ പിടികൂടാൻ കഴിഞ്ഞുവെന്നും പൊലീസ് വീഴ്ച വരുത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ അടിവരയിടുന്നു.
കേസിന്റെ അന്വേഷണത്തിൽ ഇനിയും ദുരൂഹതകൾ ബാക്കിയാണ്. കൊല്ലപ്പെട്ട 17 കാരന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ പല ചാറ്റുകളും കാണാതായത് സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. ഈ അക്കൗണ്ട് ഒരു പെൺസുഹൃത്തുമായി പങ്കുവെച്ചിരുന്നതായി കണ്ടെത്തിയ സൈബർ സെൽ, ചാറ്റുകൾ മാഞ്ഞുപോയ സാഹചര്യം വിശദമായി പരിശോധിച്ചുവരികയാണ്.
