രാജ്യതലസ്ഥാനമായ ദില്ലിയിലെ ജനജീവിതം ദുസ്സഹമാക്കി അതിശൈത്യം. കനത്ത മൂടൽ മഞ്ഞ് കാരണം കഴിഞ്ഞ ദിവസം ​ദില്ലിയിൽ 9 മണിക്കൂറോളം സമയമാണ് കാഴ്ച പരിധി പൂജ്യമായി തുടർന്നത്. ഈ സീസണിൽ ദൃശ്യപരത പൂജ്യമായി തുടരുന്ന ഏറ്റവും ദൈർഘ്യമേറിയ സമയമാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

വൈകുന്നേരം 6 മണിയ്ക്കും പുലർച്ചെ 3 മണിക്കും ഇടയിലുള്ള ഒമ്പത് മണിക്കൂർ സീറോ വിസിബിലിറ്റി നിലനിൽക്കുകയായിരുന്നു. ദില്ലിയിലെ പ്രാഥമിക കാലാവസ്ഥാ കേന്ദ്രമായ സഫ്ദർജംഗിൽ എട്ട് മണിക്കൂർ സീറോ വിസിബിലിറ്റി രേഖപ്പെടുത്തി. ശനിയാഴ്ച ഉണ്ടായ കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് 81 ട്രെയിനുകൾ വൈകിയപ്പോൾ 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. 59 ട്രെയിനുകൾ 6 മണിക്കൂറും 22 ട്രെയിനുകൾ 8 മണിക്കൂറും വൈകി ഓടുന്നതായി നോർത്തേൺ റെയിൽവേ അറിയിച്ചിരുന്നു.

അതേസമയം, ഞായറാഴ്ച ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാവിലെ തെക്ക് കിഴക്ക് നിന്നുള്ള ഉപരിതല കാറ്റ് മണിക്കൂറിൽ 4 കിലോ മീറ്ററിൽ താഴെ വേഗതയിൽ വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിക്ക പ്രദേശങ്ങളിലും പുകമഞ്ഞിനും മിതമായ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. ചില സ്ഥലങ്ങളിൽ രാവിലെ ഇടതൂർന്ന മൂടൽമഞ്ഞ് പ്രതീക്ഷിക്കാം. വൈകുന്നേരത്തോടെ കാറ്റിൻ്റെ വേഗത തെക്ക് കിഴക്ക് നിന്ന് 8-10 കിലോ മീറ്റർ വരെ ഉയരുമെന്നും വൈകുന്നേരവും രാത്രിയിലും 6 കിലോ മീറ്ററിൽ താഴെയായി കുറയുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *