ഏറെ വിവാദമായ ചാലക്കുടി വ്യാജ എൽ എസ് ഡി കേസിൽ വഴിത്തിരിവ്. ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ കുടുക്കാൻ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് വിവരം നൽകിയ ആളെ തിരിച്ചറിഞ്ഞു. ഷീല സണ്ണിയുടെ അടുത്ത ബന്ധത്തിലുള്ള യുവതിയുടെ സുഹൃത്ത് തൃപ്പൂണിത്തുറ ഏരൂർ സ്വദേശി നാരായണദാസാണ് വിവരം നൽകിയത്. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ടിഎം മജു കേസിൽ ഇയാളെ പ്രതി ചേര്‍ത്ത് തൃശ്ശൂര്‍ സെഷൻസ് കോടതിയിൽ റിപ്പോര്‍ട്ട് നൽകി. ഇയാളോട് ഈ മാസം 8 ന് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ നോട്ടീസ് നൽകിയിട്ടുണ്ട്.
ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ 72 ദിവസം ജയിലിൽ അടച്ചത് ഏറെ വിവാദമായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലായിരുന്നു ബാഗിനകത്ത് ഒളിപ്പിച്ച നിലയിൽ എൽഎസ്ഡി സ്റ്റാന്പ് കണ്ടെത്തിയത്. എന്നാൽ കെമിക്കൽ എക്സാമിനറുടെ പരിശോധനയിൽ പിടികൂടിയത് എൽ.എസ്.ഡി സ്റ്റാന്പ് അല്ലെന്ന് കണ്ടെത്തി. പരിശോധന ഫലം എക്സൈസ് സംഘം മറച്ചു വെച്ചു. റിപ്പോര്‍ട്ട് പുറത്തായതോടെ ഷീല സണ്ണി ഹൈക്കോടതിയെ സമീപിച്ച് കേസ് റദ്ദാക്കി. സംഭവത്തിൽ പഴികേട്ട എക്സൈസ് വ്യാജ സ്റ്റാമ്പ് വെച്ച പ്രതിയെ കണ്ടെത്താൻ അന്വേഷണം തുടരുന്നതിനിടെ ഷീല സണ്ണിയുടെ മരുമകളുടെ അനുജത്തി ലിവിയ ജോസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തന്നെ പ്രതിയാക്കി ബലിയാടാക്കാൻ എക്സൈസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നുവെന്നാണ് യുവതി ആരോപിച്ചത്.

ഷീല സണ്ണിയുടെ മകന്‍റെ ഭാര്യയുടെ സഹോദരിയും ബംഗലൂരുവിലെ വിദ്യാർത്ഥിനിയുമാണ് ഈ യുവതി. ഷീല സണ്ണിയും മകനും തന്‍റെ രക്ഷിതാക്കളോട് കടബാധ്യത തീർക്കാൻ പത്ത് ലക്ഷം രൂപയും സ്വർണ്ണവും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പണം നൽകുന്നതിനെ താൻ എതിർത്തുവെന്നും ഇതിലുള്ള വിരോധമാണ് ഷീല സണ്ണി തനിക്കെതിരെ വ്യാജ ആരോപണം ഉയർത്തുന്നതിന് പിന്നിലെന്നായിരുന്നു യുവതി അന്ന് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *