കോഴിക്കോട് മുക്കത്ത് പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടി പരിക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. മുക്കത്തെ ഹോട്ടലുമടയായ ദേവദാസ് ആണ് പിടിയിലായത്. കേസിലെ മറ്റു രണ്ടു പ്രതികളായ റിയാസ്, സുരേഷ് എന്നിവര്‍ക്കായി തെരച്ചിൽ ആരംഭിച്ചു. ഇരുവരെയും വൈകാതെ പിടികൂടാനാകുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.കുന്നംകുളത്ത് നിന്നാണ് ഹോട്ടല്‍ ഉടമയായ ദേവദാസിനെ പിടികൂടിയത്. പ്രതിയെ മുക്കത്ത് എത്തിച്ചു. ബസ് യാത്രക്കിടെയാണ് പൊലീസ് ദേവദാസിനെ കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന് നാലു ദിവസത്തിനുശേഷമാണ് പ്രതികളില്‍ ഒരാളെ പൊലീസ് പിടികൂടിയത്. അതേസമയം, പൊലീസ് യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും.

മുക്കത്ത് യുവതിയെ ഹോട്ടൽ ഉടമയും സഹായികളും പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കേരള വനിത കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. കോഴിക്കോട് റൂറൽ എസ്പിയോടാണ് കമ്മീഷൻ റിപ്പോർട്ട് തേടിയത്. ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. യുവതി കെട്ടിടത്തിൽ നിന്ന് യുവതി ചാടുന്നതിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങൾ ഇന്നലെ കുടുംബം പുറത്തുവിട്ടിരുന്നു. യുവതിയെ ഹോട്ടൽ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്നതിന്‍റെ ദൃശ്യങ്ങളും സംഭാഷണങ്ങളുമായി കുടുംബം പുറത്തുവിട്ടത്.ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടടുത്ത നേരത്താണ് യുവതിയുടെ താമസ സ്ഥലത്തേക്ക് ഹോട്ടൽ ഉടമ ദേവദാസും ജീവനക്കാരായ റിയാസും സുരേഷും കയറി ചെല്ലുന്നത്. ഈ സമയത്ത് വീഡിയോ ഗെയിമിങ്ങിലായിരുന്നു യുവതി. വീട്ടിൽ അതിക്രമിച്ചു കയറിയ മൂവരും ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് യുവതി മുക്കം പൊലീസിന് മൊഴി നൽകിയത്. പ്രതികളിൽ നിന്ന് കുതറിമാറി പ്രാണ രക്ഷാർത്ഥം പെൺകുട്ടി കെട്ടിടത്തിൽ നിന്ന് ചാടി. അതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണ് കുടുംബം പുറത്തുവിട്ടത്.

മൂന്ന് മാസമായി യുവതി മുക്കത്തെ ഹോട്ടലിൽ ജോലിക്ക് കയറിയിട്ട്. പെൺകുട്ടിയുടെ വിശ്വാസ്യത നേടിയ ശേഷം ഹോട്ടൽ ഉടമ പ്രലോഭനത്തിന് ശ്രമിച്ചിരുന്നു എന്ന് കുടുബം ആരോപിക്കുന്നു. ഇത് സംബന്ധിച്ച ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ടന്നും കുടുംബം അവകാശപ്പെട്ടു. വനിതാ സഹപ്രവർത്തകർ അവധിയിൽ പോയ തക്കം നോക്കി വീട്ടിൽ അതിക്രമിച്ച് കയറിതടക്കം ഗുരുതര കുറ്റം ചെയ്തിട്ടും, പ്രതികൾ ആരെന്ന് കൃത്യമായി തിരിച്ചറിഞ്ഞിട്ടും നടപടികൾ വൈകുന്നതിൽ കുടുംബം ആശങ്ക അറിയിച്ചിരുന്നു. നട്ടെല്ലിനും ഇടുപ്പിനും പരിക്കേറ്റ യുവതി നിലവില്‍ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *