റഷ്യന്‍ വ്യോമാക്രമണം തടയാന്‍ യുക്രെയ്‌നിന്റെ ആകാശം വ്യോമനിരോധന മേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യം നാറ്റോ തള്ളിയതിനേത്തുടർന്ന് നാറ്റോക്കെതിരെ രൂക്ഷ വിമർശനവുമായി സെലന്‍സ്‌കി.

യുക്രെയ്‌നിലെ മരണങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും ഉത്തരവാദി നാറ്റോ സൈനിക സഖ്യമായിരിക്കുമെന്നും റഷ്യന്‍ ബോംബിങ്ങിന് നാറ്റോ പച്ചക്കൊടി കാട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. നാറ്റോയുടെ കഴിവുകേടും ഐക്യമില്ലായ്മയും റഷ്യയെ പ്രോത്സാഹിപ്പിക്കുകയാണെന്നും സെലന്‍സ്‌കി കുറ്റപ്പെടുത്തി. തലസ്ഥാനമായ കീവില്‍ വെച്ച്, രാത്രി സമയത്ത് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് യുക്രെയ്ന്‍ പ്രസിഡന്റ് നാറ്റോയ്‌ക്കെതിരെ ആഞ്ഞടിച്ചത്.

‘ഈ ദിവസം മുതല്‍ ഇവിടെ മരിക്കുന്ന എല്ലാവരുടേയും ജീവഹാനിക്ക് ഉത്തരവാദി നിങ്ങളാണ്. നിങ്ങളുടെ കഴിവുകേട് കാരണം. നിങ്ങളുടെ ഐക്യമില്ലായ്മ കാരണം.സെലന്‍സ്‌കി പറഞ്ഞു.

ഇതേ സമയം യുക്രെയ്ന്‍ വ്യോമനിരോധിത മേഖലയായി പ്രഖ്യാപിച്ചാല്‍ സ്ഥിതിഗതികള്‍ വഷളാകുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോല്‍ട്ടന്‍ബെര്‍ഗ് പറഞ്ഞു. അത്തരമൊരു നീക്കം വലിയൊരു യുദ്ധത്തിന് കാരണമായേക്കും. നാറ്റോ ഒരു പ്രതിരോധ സഖ്യമാണ്. സഖ്യത്തില്‍ അംഗമായുള്ള രാജ്യങ്ങളൊന്നും ഈ സംഘര്‍ഷത്തിന്റെ ഭാഗമല്ല. യുക്രെയ്‌ന് പുറത്തേക്ക് യുദ്ധം വ്യാപിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. അത് കൂടുതല്‍ വിനാശത്തിനും വിപത്തിനും വഴിയൊരുക്കുമെന്നും സ്റ്റോല്‍ട്ടന്‍ബെര്‍ഗ് കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനമായ ബ്രസല്‍സില്‍ വിദേശകാര്യമന്ത്രിമാരുമായി ചേര്‍ന്ന പ്രത്യേക യോഗത്തിന് ശേഷമാണ് നാറ്റോ സെക്രട്ടറി ജനറല്‍ നിലപാട് വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *