കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ ഓസ്‌ട്രേസിയന്‍ ക്രിക്കറ്റ് ഇന്റര്‍നാഷണല്‍ ഷെയ്ന്‍ വോണിനെ അനുസ്മരിച്ച് നിയമസഭാ സ്പീക്കര്‍ എംബി രാജേഷ്.
ഷെയ്ന്‍ വോണിനെ നേരിട്ട് കാണനിടയായ സംഭവം ഉള്‍പ്പെടെയുള്ള ഓര്മകൾ പങ്ക് വെച്ചുകൊണ്ട് എംബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റിലാണ് തന്റെ അനുശോചനം പങ്കുവച്ചത്. ബാറ്റര്‍ക്ക് എത്തും പിടിയും കിട്ടാത്ത കറങ്ങിത്തിരിഞ്ഞ പന്തുകള്‍ കുറ്റിയില്‍ തറയ്ക്കുമ്പോള്‍, അല്ലെങ്കില്‍ ബാറ്റിലുരുമ്മി ഫീല്‍ഡറുടെ കയ്യിലൊതുങ്ങുമ്പോള്‍ ഷെയ്ന്‍ വോണിന്റെ ആഹ്ലാദപ്രകടനങ്ങള്‍ എത്രയോ തവണ നാം കണ്ടിരിക്കുന്നു. അതെല്ലാം മരണ വാര്‍ത്തയറിഞ്ഞതിന് പിന്നാലെ മനസ്സില്‍ മിന്നിമറയുകയാണ് എന്നും എംബി രാജേഷ് പറയുന്നു.മരണം രംഗ ബോധമില്ലാത്ത കോമാളി ആണെന്ന് പറഞ്ഞു കൊണ്ടാണ് രാജേഷ് പോസ്റ്റ് അവസാനിപ്പിക്കുന്നത്
ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം-
ബാറ്ററെ വട്ടംകറക്കിക്കൊണ്ട് അപ്രതീക്ഷിതമായി കുത്തിത്തിരിയുന്ന പന്തുകളായിരുന്നു ഷെയ്ന്‍ വോണ്‍ എന്ന സ്പിന്‍ മാന്ത്രികന്റെ പ്രത്യേകത. ഓരോ പന്തും പ്രവചനാതീതമായിരുന്നു. അതുപോലെ അപ്രതീക്ഷിതവും അവിശ്വസനീയവുമാണ് ഷെയ്ന്‍ വോണിന്റെ മരണവാര്‍ത്ത. ലോക ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും ഇതിഹാസ താരങ്ങളിലൊരാള്‍. സ്പിന്‍ ബൗളിങ്ങിന്റെ മാന്ത്രികതയും വശ്യസൗന്ദര്യവും കളത്തില്‍ മനോഹരമായി ആവിഷ്‌കരിച്ച ബൗളര്‍. എത്രയെത്ര മുഹൂര്‍ത്തങ്ങളാണ് ഇപ്പോള്‍ മനസ്സില്‍ വരുന്നത്. ബാറ്റര്‍ക്ക് എത്തും പിടിയും കിട്ടാത്ത കറങ്ങിത്തിരിഞ്ഞ പന്തുകള്‍ കുറ്റിയില്‍ തറയ്ക്കുമ്പോള്‍, അല്ലെങ്കില്‍ ബാറ്റിലുരുമ്മി ഫീല്‍ഡറുടെ കയ്യിലൊതുങ്ങുമ്പോള്‍ ഷെയ്ന്‍ വോണിന്റെ ആഹ്ലാദപ്രകടനങ്ങള്‍ എത്രയോ തവണ നാം കണ്ടിരിക്കുന്നു. അതെല്ലാം ഇപ്പോള്‍ മനസ്സില്‍ മിന്നിമറയുന്നു. മുംബൈയില്‍ വെച്ച് അദ്ദേഹത്തെ നേരില്‍കണ്ട് പരിചയപ്പെടാന്‍ അവസരം കിട്ടിയത് ജീവിതത്തിലെ വിലപ്പെട്ട നിമിഷമായി കരുതുന്നു. അന്ന് സുനില്‍ ഗവാസ്‌കറും രവിശാസ്ത്രിയും ഒപ്പമുണ്ടായിരുന്നു. ഷെയ്ന്‍ വോണിന്റെ ആകര്‍ഷകമായ പെരുമാറ്റവും ഹൃദ്യമായ സംസാരവും ഇന്നും മനസ്സില്‍ ദീപ്തസ്മരണയായി നില്‍ക്കുന്നു.
ഇത്ര വേഗത്തില്‍ ഷെയ്ന്‍ വോണ്‍ നമുക്കിടയില്‍ നിന്ന് അപ്രത്യക്ഷനാകുമെന്ന് ആരാണ് വിചാരിച്ചത്? രംഗബോധമില്ലാത്ത കോമാളിയെന്ന് മരണത്തെ വിശേഷിപ്പിച്ചത് ഷെയ്ന്‍ വോണിന്റെ കാര്യത്തില്‍ ഏറ്റവും അര്‍ത്ഥവത്താണ്. ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന് വിട. ആ ഓര്‍മകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍. ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തില്‍ ഷെയ്ന്‍ വോണ്‍ എക്കാലത്തും ജീവിക്കും.
