അഫാൻ്റെ മൊഴികളിലെ അവ്യക്തത വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ കൊലപാതക കാരണം കണ്ടെത്താൻ കഴിയാതെ പൊലീസ്. പൊലീസ് അഫാനെ വിശദമായി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. നെയ്യാറ്റിൻകര കോടതിയിലാണ് അപേക്ഷ നൽകുക.സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് കസ്റ്റഡി അപേക്ഷ നൽകുക. കസ്റ്റഡിയിൽ ലഭിച്ചാൽ ഉടൻ തെളിവെടുപ്പ് നടത്തും. ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന അഫാനെ ഇന്നലെയാണ് ജയിലിലേക്ക് മാറ്റിയത്. പൂജപ്പുര ജയിലിലേക്ക് മാറ്റിയ അഫാന് എതിരെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുളളത്. പിതൃമാതാവ് സൽമാ ബീവി, അനുജൻ അഫ്സാൻ, കാമുകി ഫർസാന എന്നിവരെ കൊലപ്പെടുത്തിയതിലാണ് അഫാനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.അഫാന്റെ ബന്ധുക്കൾ, പണം കടം വാങ്ങിയവർ എന്നിവരുടെയെല്ലാം മൊഴി പൊലീസ് രേഖപ്പെടുത്തി വരികയാണ്. ഇവരിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തിൽ 90 ദിവസത്തിനകം കുറ്റപത്രം നൽകാനാണ് പൊലീസ് നീക്കം. കൊലപാതകങ്ങൾക്ക് പിന്നാലെ എലി വിഷം കഴിച്ച് ആത്മഹത്യചെയ്യാൻ ശ്രമിച്ച അഫാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിലവിൽ പ്രതിക്ക് കാര്യമായ ആരോ​ഗ്യ പ്രശ്നങ്ങളില്ല എന്ന ജനറൽ മെഡിസിൻ ഡോക്ടറുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഇയാളെ ജയിലിലേക്ക് മാറ്റിയത്.അഫാന് മാനസിക പ്രശ്നങ്ങളുണ്ടെന്നായിരുന്നു ആദ്യം പുറത്തുവന്ന സൂചനകൾ. എന്നാൽ ഇത് തള്ളിയായിരുന്നു മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. പൂർണബോധ്യത്തോടെയാണ് ഇയാൾ കൂട്ടക്കൊല ചെയ്തതെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *