
മലപ്പുറം നിലമ്പൂരിൽ വയോധികയ്ക്ക് അയൽവാസിയുടെ ക്രൂരമർദ്ദനം. സംഭവത്തിൽ നിലമ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലമ്പൂർ സിഎച്ച് നഗറിലെ പാട്ടത്തൊടി വീട്ടിൽ ഇന്ദ്രാണി (80) ആണ് മർദ്ദനമേറ്റത്. അയൽവാസിയായ ഷാജിയാണ് മർദ്ദിച്ചതെന്ന് നിലമ്പൂർ നഗരസഭ അധികൃതർ അറിയിച്ചു.ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഇന്ദ്രാണി ടീച്ചറെ ഷാജി അകാരണമായി ആക്രമിക്കുകയായിരുന്നു. മർദ്ദനത്തിൽ ഇന്ദ്രാണി ടീച്ചറുടെ മുഖത്തും ശരീരത്തിലും പരുക്കേറ്റു. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് വയോധികയെ രക്ഷപ്പെടുത്തിയത്.നിലമ്പൂർ നഗരസഭ വൈസ് ചെയർപേഴ്സണും വാർഡ് കൗൺസിലറും ഉടൻ തന്നെ സംഭവസ്ഥലത്തെത്തി ഇന്ദ്രാണി ടീച്ചറെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.അയൽവാസികൾ പകർത്തിയ മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ ഷാജി ഇന്ദ്രാണി ടീച്ചറെ ക്രൂരമായി മർദ്ദിക്കുന്നത് വ്യക്തമാണ്. ഇന്ദ്രാണിയുടെ മകൻ അയൽവാസിയായ ഷാജിയെ നോക്കാൻ ഏൽപ്പിച്ചിട്ടാണ് പുറത്ത് പോകാറുള്ളത്. എന്നാൽ ഇയാൾ പല തവണ വയോധികയെ മർദ്ദിക്കാറുണ്ടെന്ന് അയൽവാസികൾ പറയുന്നു.വയോധികയുടെ ശരീരത്തിലും മർദ്ദനത്തിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്.