ശ്രീലങ്കയില്‍ ജനകീയ പ്രക്ഷോഭം ശക്തം.തെരുവിലിറങ്ങിയ ജനം പലയിടത്തും പ്രതിഷേധം കടുപ്പിച്ചു . പല സ്ഥലങ്ങളിലും തീയിട്ടു, നെഗോമ്പോ പട്ടണത്തിൽ പൊലീസും ജനങ്ങളും ഏറ്റുമുട്ടി. മുന്‍മന്ത്രി റോഷന്‍ രണസിംഗയുടെ വീട് ജനക്കൂട്ടം അടിച്ചുതകര്‍ത്തു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ മുന്നണിയിലേക്ക് യുവാക്കളെത്തിയതോടെ കടുത്ത സമ്മര്‍ദത്തിലായിരിക്കുകയാണ് സര്‍ക്കാര്‍.സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനും കഴിയും.

ക്രമസമാധാനം ഉറപ്പിക്കാനും സാധന സാമഗ്രികളുടെ വിതരണം ഉറപ്പുവരുത്താനുമാണ് നടപടിയെന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെയുടെ ഉത്തരവില്‍ പറയുന്നത്. പ്രസിഡന്റിന്റെ വസതിക്ക് മുന്നിലടക്കം കഴിഞ്ഞ ദിവസം വ്യാപക പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും ഉണ്ടായിരുന്നു.പ്രസിഡന്റ് ഗോതബായ രജപക്‌സെ സ്ഥാനമൊഴിയുന്നതുവരെ ജനകീയ പ്രക്ഷോഭം അവസാനിക്കില്ലെന്ന സൂചന നല്‍കി രാജ്യത്ത് പലയിടത്തും പ്രകടനവും വഴിതടയലും തുടരുകയാണ്. അതേസമയം സര്‍ക്കാരിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് ഗോതബയ രജപക്‌സെ. മന്ത്രി ജോണ്‍സണ്‍ ഹെര്‍ണാണ്ടോ ആണ് പ്രസിഡന്റിന് വേണ്ടി നിലപാട് വ്യക്തമാക്കിയത്. രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താത്പര്യക്കാരാണ് എന്നാണ് പ്രസിഡന്റിന്റെ നിലപാട്.പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ ശ്രീലങ്കന്‍ ഫ്രീംഡം പാര്‍ട്ടി സര്‍ക്കാരിനുള്ള പിന്തുണ പിന്തുണ പിന്‍വലിച്ചു. രാജ്യത്തെ പ്രതിസന്ധിയില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് പാര്‍ട്ടി വക്താവ് ദുമിന്ത ദിനസാകെ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *