ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമുള്‍പ്പെടെയുള്ള പരാതികളും ക്രമക്കേടുകളും അറിയിക്കുന്നതിന് പൊതുജനങ്ങള്‍ക്കായി സജ്ജീകരിച്ച സി വിജില്‍ ആപ്പ് വഴി മലപ്പുറം ജില്ലയില്‍ നിന്നും ഇതുവരെ ലഭിച്ചത് 2640 പരാതികള്‍. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത് മുതല്‍ ഏപ്രില്‍ നാല് വരെയുള്ള കണക്കാണിത്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് ഏറെയും പരാതികളില്‍ ലഭിച്ചിട്ടുള്ളത്. റോഡുകളില്‍ പെയിന്റ് ഉപയോഗിച്ചുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍, പൊതുസ്ഥലങ്ങളിലെ അനധികൃത പോസ്റ്റര്‍ ഒട്ടിക്കല്‍ തുടങ്ങിയ പരാതികളാണ് കൂടുതലായും ലഭിച്ചത്. ലഭിച്ച മുഴുവന്‍ പരാതികളും പരിഹരിച്ചതായി സി വിജില്‍, മാതൃകാ പെരുമാറ്റ ചട്ടം നോഡല്‍ ഓഫീസര്‍ പി ബൈജു അറിയിച്ചു.ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ലഭിക്കുന്ന cVIGIL ആപ്പ് വഴിയാണ് പരാതി നല്‍കേണ്ടത്. പരാതി ലഭിച്ച് 100 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിച്ച് മറുപടി ലഭിക്കും. ഏതെങ്കിലും തരത്തിലുള്ള പെരുമാറ്റചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ആപ്പ് ഉപയോഗിച്ച് ഫോട്ടോ അല്ലെങ്കില്‍ വീഡിയോ എടുത്ത് പരാതി രജിസ്റ്റര്‍ ചെയ്യാം. ഏത് സ്ഥലത്തുനിന്നാണ് ഫോട്ടോ,വീഡിയോ എടുക്കുന്നതെന്ന് ആപ്പ് തിരിച്ചറിഞ്ഞ് രേഖപ്പെടുത്തുന്നതിനാല്‍ ഈ ഡിജിറ്റല്‍ തെളിവ് ഉപയോഗിച്ച് സ്‌ക്വാഡിന് സമയബന്ധിതമായി നടപടി എടുക്കാനാവും.ജില്ലാ പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം വഴിയും പൊതുജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ നല്‍കാം. ടോള്‍ ഫ്രീ നമ്പറായ 1950 ല്‍ ജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. പരാതി ജില്ലാ കണ്‍ട്രോള്‍ റൂമിന് ലഭിച്ചാല്‍ അതാത് ഫീല്‍ഡ് യൂണിറ്റിന് കൈമാറും. ഫീല്‍ഡ് യൂനിറ്റ് സ്ഥലത്തെത്തി നടപടി എടുത്ത ശേഷം തുടര്‍ തീരുമാനത്തിനും തീര്‍പ്പിനുമായി ഇന്‍വെസ്റ്റിഗേറ്റര്‍ ആപ്പ് വഴി റിട്ടേണിങ് ഓഫീസര്‍ക്ക് ഫീല്‍ഡ് റിപ്പോര്‍ട്ട് നല്‍കും. സംഭവം യഥാര്‍ത്ഥമാണെന്ന് കണ്ടെത്തുന്ന പക്ഷം വിവരങ്ങള്‍ തുടര്‍നടപടികള്‍ക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നാഷനല്‍ ഗ്രീവന്‍സ് പോര്‍ട്ടലിലേക്ക് അയക്കും.സിവിജിലില്‍ ഫോട്ടോ,വീഡിയോ എടുത്ത ശേഷം അപ്ലോഡ് ചെയ്യാന്‍ അഞ്ച് മിനിറ്റ് മാത്രമേ സമയം ലഭിക്കൂ. നേരത്തെ റെക്കോഡ് ചെയ്ത ഫോട്ടോ,വീഡിയോ ആപ്പില്‍ അപ്ലോഡ് ചെയ്യാനാവില്ല. ആപ്പിലെടുത്ത ഫോട്ടോ,വീഡിയോ ഫോണ്‍ ഗാലറിയില്‍ നേരിട്ട് സേവ് ചെയ്യാനും കഴിയില്ല. തുടര്‍ച്ചയായി ഒരേ സ്ഥലത്തുനിന്ന് ഒരേ പരാതികള്‍ നല്‍കുന്നത് ഒഴിവാക്കാനും സംവിധാനമുണ്ട്. ഒരാള്‍ക്ക് ഒരു പരാതി നല്‍കി 15 മിനിറ്റിന് ശേഷം മാത്രമേ അടുത്ത പരാതി നല്‍കാനാവൂ.

Leave a Reply

Your email address will not be published. Required fields are marked *