ഭുവനേശ്വര്‍: ഒഡീഷയില്‍ മലയാളി വൈദികന് പൊലീസിന്റെ ക്രൂരമര്‍ദനം. ബെര്‍ഹാംപൂര്‍ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാ. ജോഷി ജോര്‍ജിനാണ് മര്‍ദനമേറ്റത്. കൂടെയുണ്ടായിരുന്ന സഹ വൈദികനും മര്‍ദനമേറ്റിട്ടുണ്ട്. പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിയവര്‍ക്ക് നേരെയും മര്‍ദനമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇക്കഴിഞ്ഞ മാര്‍ച്ച് 22നായിരുന്നു സംഭവം നടന്നത്. പള്ളിയുടെ സ്വത്തുക്കള്‍ പൊലീസ് നശിപ്പിച്ചതായും ആരോപണമുണ്ട്.

പള്ളിക്ക് സമീപമുള്ള ഗ്രാമത്തില്‍ നടന്ന റെയ്ഡില്‍ കഞ്ചാവ് പിടികൂടിയതിനെ തുടര്‍ന്നു നടത്തിയ തുടര്‍ പരിശോധനയ്ക്കിടയാണ് പൊലീസ് പള്ളിയിലെത്തിയത്. പള്ളിയിലുണ്ടായിരുന്ന ആളുകളെ പരിശോധിക്കാനും മര്‍ദിക്കാനും തുടങ്ങിയപ്പോള്‍ തടയാനെത്തിയപ്പോഴാണ് ഇടവക വികാരി ഫാ.ജോഷി ജോര്‍ജിനെയും സഹവൈദികനെയും പൊലീസ് സംഘം മര്‍ദിച്ചത്.

ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ വന്നവരാണ് നിങ്ങളെന്നും പൊലീസുകാര്‍ പറഞ്ഞു. തെറിവിളിയും നടത്തി. തുടര്‍ന്ന് ഇടവക വികാരിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. പ്രാദേശിക വാര്‍ത്താ ഏജന്‍സിയായ സമര്‍ത്ഥ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ദുരനുഭവം പങ്കുവെച്ചത്

തോളെല്ലിനും കൈക്കും പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ഫാ.ജോഷി ജോര്‍ജിനെ ബഹരാംപുര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ജന്മദിനത്തിലായിരുന്നു പൊലീസിന്റെ നരനായാട്ട്.

മധ്യപ്രദേശിലെ ജബല്‍പൂരില്‍ വിഎച്ച്പി ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ രണ്ട് വൈദികരെ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ഒഡീഷയിലെ ആക്രമണവും പുറത്തറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *